ദോഹ- ഖത്തറിൽ ഇന്നലെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 143 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന 20,091 പരിശോധനകളിൽ 60 യാത്രക്കാർക്കടക്കം 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേർക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 180 പേർക്കാണ് ഇന്നലെ രോഗമുക്തി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള മൊത്തം രോഗികൾ 1707 ആയി കുറഞ്ഞു. ഇന്നലെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നൽകുന്ന വാർത്തയാണ്. രാജ്യത്തെ് മൊത്തം 588 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളിൽ ചികിൽസയിലുള്ളവരുടെ എണ്ണം 101 ആയി. പുതുതായി രണ്ട് പേർ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 54 ആയി.