ദോഹ- ഖത്തറിൽ ഫിഫ ലോകകപ്പ്-2022 ന് പൊതുഗതാഗത സേവനത്തിനായി ഇലക്ട്രിക് ബസുകളെത്തി. ഫിഫ ലോകകപ്പിൽ ഒരു പരിസ്ഥിതി സൗഹൃദ, കാർബൺ-ന്യൂട്രൽ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നതിനുള്ള ഖത്തറിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണിത്. ഖത്തറിലെ തെരുവ്, കാലാവസ്ഥാ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം തയാറാക്കിയ ബസുകളിൽ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പുതിയതും സുരക്ഷിതവുമായ തെളിയിക്കപ്പെട്ട ബാറ്ററി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലുള്ള 350 കിലോ വാട്ട്‌സ് ലിഥിയം അയൺ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്ററിൽ കൂടുതൽ ഓടാനാകും. മുവാസ്വലാത്ത് ഇലക്ട്രിക് ബസ് ചാർജിംഗ് സ്റ്റേഷന്റെ പരീക്ഷണ പ്രവർത്തനം ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റജി നടപ്പിലാക്കുന്നതിനുള്ള ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമാണ്. പൊതുമരാമത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം ബസ് വെയർ ഹൗസുകളുമായും സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് കാര്യമായ മുന്നേറ്റം നടത്തുന്നുണ്ടെന്നും പാർക്കിന്റെയും റൈഡ് പാർക്കിംഗ് സ്ഥലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.