കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 87 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് 60 ലക്ഷത്തിന്റെയും,ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.െഎ),എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗങ്ങൾ 27 ലക്ഷത്തിന്റെ സ്വർണവുമാണ് പിടികൂടിയത്.
ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദ്ദിനിൽ(30)നിന്ന് 1,145 ഗ്രാം മിശ്രിതമാണ് പ്രിവന്റീവ് കസ്റ്റംസ് പിടിച്ചത്.ഗുളിക രൂപത്തിലുളള മിശ്രിതം നാലു പാക്കറ്റുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.ഇതിൽ നിന്നും 60 ലക്ഷത്തിന്റെ 1048.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
അബൂദബിയിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം പുലാമന്തോൾ സ്വദേശി മുഹമ്മദ് ഫൈസലിൽ (35)നിന്നാണ് 27 ലക്ഷത്തിന്റെ സ്വർണം കണ്ടെത്തിയത്.685 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.അസി.കമീഷണർ കെ.വി.രാജന്റെ നിർദേശത്തിൽ സൂപ്രണ്ടുമാരായ കെ.കെ.പ്രവീൺകുമാർ,സന്തോഷ് ജോൺ,ഇൻസ്പെക്ടർമാരായ എം.പ്രതീഷ്,ഇ.മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.