ഗള്‍ഫ് ജോലി തട്ടിപ്പ്; പിടിയിലായത് എണ്ണക്കമ്പനി ജീവനക്കാരന്‍, താമസിച്ചത് വേറൊരാളുടെ ഭാര്യയോടൊപ്പം

കോട്ടയം - ഗള്‍ഫ് ജോലി വാഗ്ദാനം തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായത്് ഗള്‍ഫിലെ എണ്ണകമ്പനിയിലെ ജീവനക്കാരന്‍. രണ്ടുലക്ഷത്തോളം രൂപ വേതനമുളള ഇയാള്‍ ഒന്നരക്കോടി രൂപയാണ് വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിയെടുത്തത്.
ആലപ്പുഴ മാന്നാര്‍ സ്വദേശി റോണി തോമസിനെയാണു  ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്.  പെരുമ്പായിക്കാട് സ്വദേശി റോയിയുടെ മകന്റെ ഭാര്യക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലാണ് അറസ്റ്റ്.
പെരുമ്പായിക്കാട് സ്വദേശിയില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. മുക്കം നെടുങ്ങാട് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ പലതവണ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാന്നി, മാന്നാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നായി  ഒന്നര കോടി രൂപ തട്ടിയെടുത്തു. അതിനുശേഷം പോലീസിനു പിടിനല്‍കാതെ  പലയിടങ്ങളിലും മാറി മാറി താമസിക്കുകയായിരുന്നു. ചേര്‍ത്തല അര്‍ത്തുങ്കല്‍, തിരുവല്ല ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നു. അതിനുശേഷമാണ് കോഴിക്കോട്്്് മുക്കത്തേക്കു മാറിയത്്.
മുക്കത്ത് ഉണ്ടെന്ന വിവരം അനുസരിച്ച് നേരത്തെ പോലീസ് അവിടെയെത്തി പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും  സ്ഥലം കണ്ടെത്താനായിരുന്നില്ല. പോലീസ് വലക്കണ്ണി പൊട്ടിച്ച്് ഇയാള്‍ രക്ഷപ്പെട്ടു. ഒടുവില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമസിക്കുന്ന വീട് കണ്ടെത്താനായത്. സമീപവാസികളുമായി കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ല. പോലീസെത്തി ഇയാളെ പിടികൂടിയപ്പോഴാണ് നാട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞത്.
ഗള്‍ഫിലെ പെട്രോളിയം കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു റോണി തോമസ്. മറ്റൊരാളുടെ ഭാര്യക്കൊപ്പമാണ് ഇയാള്‍ കോഴിക്കോട് മുക്കത്ത് താമസിച്ചിരുന്നത്്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ വന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.  രേഖാമൂലം പണം നല്‍കാത്തതിനാല്‍ പലരും ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇയാള്‍ നടത്തിയ തട്ടിപ്പിന്റെ ആഴം ഇതിലും കൂടുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 

 

Latest News