2571 നുപകരം 12,571 രൂപ; നിങ്ങള്‍ക്കും ഇത് സംഭവിക്കാം

കോഴിക്കോട്- ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും പേയ്‌മെന്റിന് ഉപയോഗിക്കുന്ന പലരും റസിപ്റ്റുകള്‍ വാങ്ങാനോ പരിശോധിക്കാനോ തയാറാകാറില്ല. കൃത്യമായിരിക്കുമെന്ന വിശ്വാസത്തിനു പുറമെ, ബാങ്കുകളില്‍നിന്ന് എസ്.എം.എസ് വരുമല്ലോ എന്നു കരുതുന്നുവരുമുണ്ട്. എസ്.എം.എസ് വന്നാലും എല്ലാവരും അതു ശ്രദ്ധിച്ചുകൊള്ളണമെന്നില്ല.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വന്തം അനുഭവം പങ്കുവെച്ചിരിക്കുകയാണ് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍.
കോഴിക്കോട്  കണ്ണഞ്ചേരിയിലെ റിലയന്‍സ് പെട്രോള്‍ പമ്പില്‍നിന്ന് അബദ്ധത്തില്‍ അധികം തുക പിന്‍വലിക്കപ്പെട്ട അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്.
ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചശേഷം ക്രെഡിറ്റ് കാര്‍ഡാണ് നല്‍കിയത്. സാധാരണ കാര്‍ഡുകള്‍ നല്‍കുമ്പോള്‍ റസിപ്റ്റ് വാങ്ങാറില്ലെങ്കിലും ഇന്ധനം നിറച്ച ശേഷം പെട്രോള്‍ പമ്പിലെ വനിതാ സ്റ്റാഫ് റസിപ്റ്റ് നല്‍കി.
പരിശോധിക്കാതെ വണ്ടിയില്‍ കളഞ്ഞ റസിപ്റ്റ് തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ഭാര്യ സാജിത പരിശോധിച്ചപ്പോഴാണ് 2571 രൂപക്ക് പകരം അക്കൗണ്ടില്‍നിന്ന് 12,571 രൂപ പിന്‍വലിക്കപ്പെട്ടതായി മനസ്സിലായത്.

https://www.malayalamnewsdaily.com/sites/default/files/2021/06/29/bank.jpg
റിലയന്‍സ് പമ്പിലെ യുവതിക്ക് പറ്റിയ കൈ പിഴയായിരുന്നു സംഭവം. സ്വൈപിംഗ് മെഷീനില്‍ 2571 രൂപക്ക് പകരം 12,571 രൂപ അടിച്ചു പോയതാണ്. അബദ്ധം മനസ്സിലായതോടെ അധികമായി എടുത്ത 10,000 രൂപ ഉടന്‍ ബാങ്കിലേക്ക് തിരിച്ചയക്കാമെന്ന് പമ്പ് അധികൃതര്‍ അറിയിച്ചു.
ഇവിടെ നടന്നത് പിശകാണെങ്കിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തുന്നവരുണ്ടാകുമെന്ന് കെ.എം. ബഷീര്‍ പറയുന്നു. ഇലക്ട്രോണിക് പെയ്‌മെന്റ് കാര്‍ഡുകള്‍ ഉപയാഗിക്കുന്നവര്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും താനും ഇനിമുതല്‍  പെര്‍ഫെക്റ്റ് ഒകെ ആകുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

റസിപ്റ്റ് നോക്കിയില്ലെങ്കിലും ബാങ്കില്‍നിന്ന് വരുന്ന എസ്.എം.എസുകളെങ്കിലും യഥാസയമം പരിശോധിക്കണം.

 

Latest News