കശ്മീർ: ജനഹിതവും  ജനാധിപത്യവും വിജയിക്കട്ടെ

കശ്മീരിന്റെ പ്രത്യേക പദവിയും അവിടെയുള്ള ജനങ്ങളുടെ സൈ്വര ജീവിതവും ജനാധിപത്യ അവകാശങ്ങളുമാണ് പ്രധാനമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉയർത്തിയത്. അത് ജമ്മു കശ്മീരിലെ നിക്ഷിപ്ത രാഷ്ട്രീയ, സാമുദായിക താൽപര്യങ്ങളില്ലാത്ത എല്ലാവരുടെയും നിലപാടാണ്. സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തയാറാകേണ്ടി വരുന്ന ഒരു ജനതയുടെ വികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അതുകൊണ്ട് ദൽഹിയിലെ ഭരണ സിംഹാസനത്തിലിരിക്കുന്നവരുടെ വർഗീയ  സാമ്പത്തിക താൽപര്യങ്ങളല്ല, കശ്മീരി ജനതയുടെ താൽപര്യങ്ങളാണ് ആത്യന്തികമായി വിജയിക്കേണ്ടത്. അവിടെ ജനാധിപത്യമാണ് പുലരേണ്ടത്, ജനഹിതമാണ് വിജയിക്കേണ്ടത്.  

ഏകദേശം ഇരുപത്തിരണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന തീരുമാനം വർഗീയ ലക്ഷ്യങ്ങളുടെയും തീവ്ര വലതുപക്ഷ നിലപാടുകളുടെയും ഭാഗമായി കേന്ദ്ര ബിജെപി സർക്കാർ കൈക്കൊണ്ടത്. കശ്മീരിനെ പിടിച്ചടക്കാനുള്ള കുതന്ത്രവും ഗൂഢമായ സാമ്പത്തിക താൽപര്യം ഒളിഞ്ഞിരിക്കുന്നതുമാണ് പ്രസ്തുത തീരുമാനമെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. രാജ്യത്തെ എന്നു മാത്രമല്ല ലോകത്തെ തന്നെ പ്രധാന വിനോദ സഞ്ചാര പ്രാധാന്യമുളള താഴ്‌വാരങ്ങളിൽ ഒരിടമായ കശ്മീരിലെ മണ്ണും മലഞ്ചെരിവുകളും സ്വന്തമാക്കുകയെന്ന വിനോദ സഞ്ചാര  ഭൂമാഫിയകളുടെ കച്ചവടക്കണ്ണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നതാണ്. 


എന്നാൽ രാജ്യത്തിന്റെയാകെ തലവേദനയായ ഭീകരവാദത്തെ തുടച്ചുനീക്കി കശ്മീരിനെ ശുദ്ധീകരിക്കുവാനും തീവ്രവാദികളെ അതിർത്തി കടത്തി ജനങ്ങൾക്ക് സൈ്വര ജീവിതം ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും ആവർത്തിച്ചത്. അത് പറയുമ്പോൾ പാർലമെന്റിന്റെ ഉൾത്തടങ്ങളിൽ മുഴങ്ങിയ വാക്കുകളിലൂടെയും അവരുടെ കണ്ണുകളിൽ പ്രകടമായ രോഷത്തിലൂടെയും ഭീകരവിരുദ്ധ വികാരത്തിന്റെ സാഗരത്തിരകളാണ് കശ്മീരിൽ സംഭവിക്കുവാൻ പോകുന്നതെന്ന് അനുയായികളെങ്കിലും സങ്കൽപിച്ചിട്ടുണ്ടാകാം. പക്ഷേ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കുവാനാകും വിധത്തിൽ ചില കോർപറേറ്റുകൾക്ക് സ്വത്ത് വാങ്ങാമെന്ന അനുവാദം നൽകൽ മാത്രമാണ് നടപ്പിലായത്. ജനാധിപത്യ അവകാശങ്ങൾ അപ്പാടെ അടഞ്ഞ് ജനങ്ങൾ കൂടുതലായും തടങ്കൽവൽക്കരിക്കപ്പെട്ടു. ഭീകരരോടൊപ്പം സുരക്ഷാ സജ്ജീകരണങ്ങളെയും ഭയന്നു കഴിയേണ്ട സാഹചര്യം. ഒരു സംസ്ഥാനത്തെ രണ്ടാക്കി, കേന്ദ്ര ഭരണത്തിന്റെ നേരിട്ടുള്ള അധികാരത്തിന് കീഴിലാക്കിയതിനാൽ സ്വേഛാധിപത്യത്തിന്റെ ചവിട്ടടിയിലായ ജനതയാണ് അവശേഷിച്ചത്. സ്വന്തം ബന്ധുക്കളോടു പോലും സംസാരിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആധുനിക സങ്കേതിക വിദ്യകൾ  ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും ഉൾപ്പെടെ  എല്ലാം തടയപ്പെട്ടു. വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും പുറത്തറിയാതെ പോയി. ഭീകരാക്രമണങ്ങളിൽ വലിയ കുറവുണ്ടായില്ല. ഏറ്റുമുട്ടലുകൾ ആവർത്തിച്ചു. വെടിനിർത്തൽ കരാറുകൾ ലംഘിച്ചുകൊണ്ട് അതിർത്തിയിൽ വെടിവെയ്പുകൾ തുടർന്നുകൊണ്ടിരുന്നു. പെല്ലറ്റുകൾ പിന്നെയും കുട്ടികളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. എന്താണോ ലക്ഷ്യമായി പറഞ്ഞത്, അതു മാത്രം പ്രാപ്തമായില്ല.

കണക്കുകളിലൂടെ സഞ്ചരിച്ചാൽ അത് ബോധ്യമാകും. രാജ്യസഭയിൽ കഴിഞ്ഞ മാർച്ച് 17 ന് രേഖാമൂലം നൽകിയ മറുപടിയിലെ വിവരങ്ങൾ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2018 ൽ 614 ഭീകരാക്രമണങ്ങളാണ് കശ്മീരിലുണ്ടായത്. 2019 ൽ അത് 594 ആയിരുന്നു. കോവിഡിന്റെ പേരിൽ മാസങ്ങളോളം അടച്ചിടപ്പെട്ട 2020 ൽ 244 ഭീകരാക്രമണങ്ങളുണ്ടായി. 2018 ൽ മരിച്ച സാധാരണക്കാരുടെ എണ്ണം 39. പിന്നീടുള്ള രണ്ടു വർഷങ്ങളിൽ അത് യഥാക്രമം 39, 37 പേർ വീതം. വീരമൃത്യ വരിച്ച സുരക്ഷാ ഭടന്മാരുടെ എണ്ണം 2018 ൽ 91, 2019 ൽ 80, 2020 ൽ 62. വെടിനിർത്തൽ കരാർ ലംഘനം 2018 ൽ 2140, 2019 ൽ 3479, 2020 ൽ 5133. ഇതിനിടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം യഥാക്രമം 30, 18, 22. വീരമൃത്യു വരിച്ചത് യഥാക്രമം 29, 19, 24 വീതം സൈനികർ.


ഈ പശ്ചാത്തലത്തിലാണ് കശ്മീർ ജനതയെ വിശ്വാസത്തിലെടുക്കാതെ ദൽഹിയിൽ ഇരുന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൊണ്ട് സുഗമമായി മുന്നോട്ടു പോകാനാകില്ലെന്ന വസ്തുത 22 മാസങ്ങൾക്കു ശേഷം ബിജെപി സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ജമ്മു കശ്മീരിനെ വിഭജിക്കുവാനും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുവാനും ഏകപക്ഷീയമായി തീരുമാനിച്ച ബിജെപി സർക്കാർ അവിടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമായി സംസാരിക്കുന്നതിന് നിർബന്ധിതമായത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്താണ് യോഗം നടന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ താഴ്വരയിലെ ജനങ്ങൾക്കുള്ള വികാരം പാർട്ടികളെല്ലാം യോഗത്തിൽ ശക്തമായി അവതരിപ്പിച്ചു. ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ നഷ്ടമായതെന്ന അഭിപ്രായമാണ് പ്രധാനമായും ഉയർന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, സംസ്ഥാന പദവി എടുത്തു കളഞ്ഞതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ, കശ്മീരിലെ ഭൂമി സംരക്ഷണം, പ്രദേശവാസികൾക്ക് ജോലി തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കപ്പെട്ടു.


കശ്മീരിന്റെ പ്രത്യേക പദവിയും അവിടെയുള്ള ജനങ്ങളുടെ സൈ്വര ജീവിതവും ജനാധിപത്യ അവകാശങ്ങളുമാണ് പ്രധാനമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉയർത്തിയത്. അത് ജമ്മു കശ്മീരിലെ നിക്ഷിപ്ത രാഷ്ട്രീയ, സാമുദായിക താൽപര്യങ്ങളില്ലാത്ത എല്ലാവരുടെയും നിലപാടാണ്. സ്വപ്നങ്ങൾ ഉപേക്ഷിക്കുവാൻ തയാറാകേണ്ടി വരുന്ന ഒരു ജനതയുടെ വികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അതുകൊണ്ട് ദൽഹിയിലെ ഭരണ സിംഹാസനത്തിലിരിക്കുന്നവരുടെ വർഗീയ  സാമ്പത്തിക താൽപര്യങ്ങളല്ല, കശ്മീരി ജനതയുടെ താൽപര്യങ്ങളാണ് ആത്യന്തികമായി വിജയിക്കേണ്ടത്. അവിടെ ജനാധിപത്യമാണ് പുലരേണ്ടത്, ജനഹിതമാണ് വിജയിക്കേണ്ടത്.  

 

Latest News