കുവൈത്ത് സിറ്റി- 19 കാരനായ സിറിയന്‍ യുവാവ് നടത്തിയ ഇരട്ടക്കൊലപാതകം കുവൈത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പോലീസുകാരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ഹംദാന്‍ അല്‍ അസ്മി എം.പി ആവശ്യപ്പെട്ടു.
സുരക്ഷാ രംഗത്തെ അരാജകത്വവും ലഹരിമരുന്ന് ഉപയോഗത്തിന്റെ വ്യാപ്തിയുമാണ് കൊലാപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയത്തിനാണ് ഉത്തരവാദിത്തമെന്നും മുസാഅദ് അല്‍ അര്‍ദി എം.പി കുറ്റപ്പെടുത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ശുഐബ് അല്‍ മുവൈസിരി എം.പി പറഞ്ഞു. ആഭ്യന്തര മന്താലയം പ്രവത്തനരീതി പുനഃക്രമീകരിക്കണം എന്നതാണ് പോലീസുകാരന്റെ കൊലപാതകം തെളിയിക്കുന്നതെന്ന് അഹമ്മദ് അല്‍ ഹമദ് എം.പി പറഞ്ഞു.
സ്വന്തം മാതാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവ് ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലീസുകാരനേയും പട്ടാപ്പകല്‍ കൊലപ്പെടുത്തുകയായിരുന്നു. . സിറിയന്‍ വംശജനായ അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പകലാണ് സംഭവം. അല്‍ ഖുസൂറിലാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. സ്വദേശി വനിതയാണ് മാതാവ്. വിവരം ലഭിച്ച് പോലീസ് എത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. അധികം താമസിയാതെ മഹ്ബൂലയില്‍ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പോലീസുകാരനെയും അക്രമി കുത്തിവീഴ്ത്തി. സിഗ്‌നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റുമുള്ളവര്‍ കാണ്‍കെയായിരുന്നു കൊലപാതകം. തുടര്‍ന്ന് പോലീസുകാരന്റെ തോക്കും കൈക്കലാക്കി രക്ഷപ്പെട്ടു.
രണ്ട് സംഭവങ്ങളിലെയും അക്രമി ഒരാളാണെന്ന് ലഭ്യമായ ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാക്കിയ പോലീസ് വ്യാപകമായി പരിശോധന നടത്തി. വഫ്രയില്‍ കൃഷി മേഖലയില്‍ സ്ഥലത്ത് കണ്ടെത്തിയ യുവാവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരന്‍ അബ്ദുല്‍ അസീസ് അല്‍ റഷീദിയുടെ വിയോഗത്തില്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അനുശോചിച്ചു.