മാതാവിനെ കൊന്ന് രക്ഷപ്പെടുന്നതിനിടെ പോലീസുകാരനേയും കൊന്നു, 19 കാരന്‍ പിടിയില്‍

കുവൈത്ത് സിറ്റി - മാതാവിനെയും ട്രാഫിക് പോലീസുകാരനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സിറിയക്കാരനായ പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്. അല്‍ഖുസൂര്‍ ഏരിയയിലെ വീട്ടില്‍ വെച്ചാണ് കുവൈത്ത് പൗരത്വം ലഭിച്ച സ്വന്തം മാതാവിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇതിനു ശേഷം അല്‍അഹ്മദി ട്രാഫിക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍റശീദിയെയും പ്രതി കുത്തിക്കൊന്നു.
കൃത്യങ്ങള്‍ക്കു ശേഷം രക്ഷപ്പെട്ട പ്രതിയെ അല്‍വഫ്‌റയില്‍ വെച്ച് പട്രോള്‍ പോലീസുകാര്‍ കണ്ടെത്തി. പ്രദേശത്തെ കൃഷിയിടത്തില്‍ കയറി ഒളിക്കാന്‍ ശ്രമിച്ച പ്രതിയെ കൂടുതല്‍ സുരക്ഷാ സേന സ്ഥലത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ സൈനികരെ പ്രതി ശക്തമായി ചെറുത്തു.
പ്രതിയെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ട്രാഫിക് പോലീസുകാരനെ കുത്തിക്കൊന്ന പ്രതി കൃത്യത്തിനു ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് കൈക്കലാക്കിയാണ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നത്.
അല്‍അഹ്മദിയിലെ അബൂഹലീഫ ഏരിയയില്‍  രാവിലെ ആറു മണിക്കാണ് ട്രാഫിക് പോലീസുകാരനെ പ്രതി കുത്തിക്കൊന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ട്രാഫിക് പോലീസുകാരനെ നടുറോഡിലിട്ട് കുത്തിക്കൊന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News