ഒട്ടാവ- കാനഡയില്‍ വീണ്ടും അജ്ഞാത കുഴിമാടങ്ങള്‍ കണ്ടെത്തി. കത്തോലിക്കാ സഭക്കെതിരെ കനേഡിയന്‍ സര്‍ക്കാരും ഗോത്രവര്‍ഗങ്ങളും രൂക്ഷവിമര്‍ശമുന്നയിച്ച കെംലൂപ്സ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ മരണങ്ങള്‍ക്കു പിന്നാലെയാണ് സമാന സംഭവം.
ഗോത്രവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കായി നടത്തിയിരുന്ന മറ്റൊരു റെസിഡന്‍ഷ്യല്‍ സ്കൂളിനോടു ചേര്‍ന്ന് പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാതെ 751 കുട്ടികളുടെ കുഴിമാടങ്ങളാണ് പുതുതായി കണ്ടെത്തിയത്. കത്തോലിക്കാ സഭ നടത്തിയിരുന്ന സ്കൂളില്‍ നടന്ന മരണങ്ങളില്‍ മാര്‍പാപ്പ മാപ്പു പറയണമെന്ന് ഗോത്രവര്‍ഗത്തലവന്‍ ആവശ്യപ്പെട്ടു.
കാനഡയിലെ റെജീന നഗരത്തില്‍ നിന്ന് 140 കിലോമീറ്ററോളം അകലെയാണ് സംഭവം. സ്കൂളിനോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ നൂറുകണക്കിനു കുട്ടികളുടെ കുഴിമാടങ്ങള്‍കൂടി അധികൃതര്‍ കണ്ടെത്തിയെന്ന പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്ത ഗോത്രവര്‍ഗ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രഹസ്യമായി മറവുചെയ്ത എല്ലാ മൃതദേഹങ്ങളും കണ്ടെത്തുന്നതുവരെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഫെഡറേഷന് ഓഫ് സോവറൈന്‍ ഇന്‍ഡിജിനസ് ഫസ്റ്റ് നേഷന്‍സ് തലവന്‍ ബോബി കാമറണ്‍ മാധ്യമങ്ങളോടു പറഞ്ഞു. 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതിനോടകം കണ്ടെടുത്തിട്ടുമുണ്ട്.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ കഴിഞ്ഞ മാസം സമാനമായ തരത്തില്‍ മുന്നൂറോളം കുട്ടികളെ രഹസ്യമായി അടക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. മൂന്ന് വയസ്സു മുതല്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് മണ്ണിനടിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. തദ്ദേശ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങളാണ് ഇതെന്നും ഇക്കാര്യം രാജ്യം അംഗീകരിക്കണമെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.