കുവൈത്ത് സിറ്റി- ഇന്ത്യക്ക് കുവൈത്തിന്റെ കാരുണ്യ ഹസ്തം വീണ്ടും. കുവൈത്തില്‍നിന്നു 7640 ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഐ.എന്‍.എസ് ഷാര്‍ദുല്‍ മുംബൈയില്‍ എത്തി.
കുവൈത്തില്‍നിന്നു ഇന്ത്യയിലേക്കു ഓക്‌സിജന്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള കുവൈത്ത്-ഇന്ത്യ പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കുവൈത്തില്‍നിന്ന് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്കു ആയിരക്കണക്കിന് ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സണ്‍ട്രേറ്ററുകളും ഉള്‍പ്പെടെ നൂറുകണക്കിനു മെട്രിക് ടണ്‍ ദ്രവ മെഡിക്കല്‍ ഓക്‌സിജനാണ് എത്തിച്ചത്. കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയിലെ പ്രതിസന്ധി നേരിടുന്നതിന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന കുവൈത്ത് ജനതയെയും സര്‍ക്കാരിനെയും കുവൈത്തിലുള്ള ഇന്ത്യന്‍ സമൂഹത്തെയും എംബസി നന്ദി അറിയിച്ചു.
ജീവകാരുണ്യ വസ്തുക്കള്‍ അയക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ എളുപ്പമാക്കിയതിനു കുവൈത്തിലെ അധികൃതരോട് പ്രത്യേക കടപ്പാടും എംബസി അറിയിച്ചു.