നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാതായി

കൊല്ലം- കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രേഷ്മയുടെ ഭർത്താവിന്റെ സഹോദരി അവരുടെ ബന്ധു എന്നിവരെയാണ് വിളിപ്പിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അവർ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടർന്ന് യുവതികൾക്കായി ഇത്തിക്കരയാറ്റിൽ അടക്കം പോലീസ് തിരിച്ചിൽ നടത്തിയിരുന്നു.
 

Latest News