Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് ക്വട്ടേഷൻ; സി.പി.എമ്മിനെതിരെ സമൂഹമാധ്യമ ആരോപണം കൊഴുക്കുന്നു 

കണ്ണൂർ- സ്വർണക്കടത്ത്, രാമനാട്ടുകര അപകട കേസുകളിൽ പോലീസും കസ്റ്റംസും തിരയുന്ന കണ്ണൂർ അഴീക്കോട് മൂന്നു നിരത്ത് സ്വദേശി അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ കൊഴുക്കുന്നു. 
സജീവ സി.പി.എം പ്രവർത്തകനായിരുന്ന അർജുന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം പറയുമ്പോഴും പാർട്ടിയിലെ യുവനേതാക്കൾ ഇയാളുമായി ഇപ്പോഴും പുലർത്തുന്ന അടുപ്പമാണീ ആരോപണത്തിന് കാരണം. സി.പി.എമ്മിന് വേണ്ടി നേരത്തെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഇയാൾ ക്വട്ടേഷൻ സംഘത്തെ നയിക്കുകയാണിപ്പോഴെന്നാണ് പ്രചാരണം. അർജുന് പാർട്ടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ഉന്നത നേതാക്കൾക്കൊപ്പവും, യുവജന കമ്മീഷൻ അധ്യക്ഷക്കൊപ്പവുമുള്ള ചിത്രങ്ങളുണ്ട്. ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങൾക്ക് ഇയാൾ സുപരിചിതനാണെന്നാണ് വിവരം. കാരണം സ്വർണത്തിന് സുരക്ഷ നൽകാൻ ദുബായിൽ നിന്നാണ് അർജുന് ക്വട്ടേഷൻ ലഭിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇയാളുടെ സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സി.പി.എമ്മിന്റെ റെഡ് വളണ്ടിയറായിരുന്ന അർജുന് പാർട്ടിയുമായി ഇപ്പോൾ ബന്ധമില്ലെന്ന് പറയുന്നുവെങ്കിലും യുവജന സംഘടന നേതാക്കൾ അടക്കം ഇയാളുമായി നിരന്തരം ബന്ധം പുലർത്തി വരുന്നുവെന്നതിന് തെളിവുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് സരിൻ ശശി അടക്കം അർജുന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിടാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ വരെ ഈ അക്കൗണ്ട് ആക്ടീവായിരുന്നു. എന്നാൽ കസ്റ്റംസ് റെയ്ഡ് നടന്നതിന് പിന്നാലെ അക്കൗണ്ട് പ്രൊഫൈൽ ലോക്കായി.
കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾ ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കയാണ്. പാനൂർ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ നേരത്തെ തന്നെ കോഴിക്കടത്തിലേക്കും ക്വട്ടേഷനുകളിലേക്കും തിരിഞ്ഞിരുന്നു. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, നേരത്തെ ജയിലിനകത്തുവെച്ച് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് വിവാദമായിരുന്നു. ഇയാളെ അന്വേഷണ സംഘം ജയിലിൽ വെച്ച് ചോദ്യം ചെയ്യുകയുമുണ്ടായി.
 

Latest News