Sorry, you need to enable JavaScript to visit this website.

പൂച്ചയെ രക്ഷിക്കാൻ പൈപ്പിൽ കൈയിട്ടു പണികിട്ടി; പെൺകുട്ടിയെ രക്ഷിക്കാനെത്തിയത് ദുബായ് പോലീസ്  

ദുബായ്- ബാത്ത് ടബ്ബിലെ പൈപ്പിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി പൈപ്പിൽ കൈയിട്ട് കുടുങ്ങിയ പെൺകുട്ടിയെ അപകടത്തിൽനിന്ന് രക്ഷിച്ച് ദുബായ് പോലീസ്. അൽഖവനീജ് പ്രദേശത്തെ താമസ കേന്ദ്രത്തിലാണ് അപകടം നടന്നതെന്നും വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പോലീസ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നുവെന്നും ദുബായ് പോലീസ് ലാൻഡ് റെസ്‌ക്യൂ വിഭാഗം ഡയരക്ടർ കേണൽ അബ്ദുല്ല ബിഷ്‌വ പറഞ്ഞു. ബാത്ത്‌റൂമിന്റെ വാതിൽ ലോക്ക് ചെയ്തിരുന്നതിനാൽ അത് പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്. ലാൻഡ് റെസ്‌ക്യൂ വിഭാഗത്തിലെ വിദഗ്ധ സംഘം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. 
ബാത്ത് ടബ്ബിനടുത്ത പൈപ്പിലാണ് പെൺകുട്ടിയുടെ കൈകൾ കുടുങ്ങിയത്. പൈപ്പിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ആദ്യം ഫോണിന്റെ ടോർച്ച് ഉപയോഗിച്ച് പൈപ്പിനകത്തെ പൂച്ചയുടെ അവസ്ഥ മനസ്സിലാക്കിയ പെൺകുട്ടി അതിനെ രക്ഷപ്പെടുത്താനുള്ള ആഗ്രഹം കൊണ്ട് കൈ അകത്തേക്ക് കടത്തി നോക്കിയതാണ്. എന്നാൽ തിരിച്ചെടുക്കാൻ സാധിച്ചില്ല -കേണൽ അബ്ദുല്ല അൾനുഐമി പറഞ്ഞു. കുടുംബത്തിലുള്ള മറ്റുള്ളവരെ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും വാതിൽ അകത്തുനിന്ന് കുറ്റിയിട്ടതിനാൽ അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. 
അതീവ ശ്രദ്ധയോടെ വിദഗ്ധ സംഘം പെൺകുട്ടിയുടെ കൈകൾക്ക് പരിക്ക് പറ്റാതെ അപകടത്തിൽനിന്ന് രക്ഷിച്ചു. പത്തു മിനിറ്റിനകം ദൗത്യം പൂർത്തീകരിച്ചു. പാം ജുമൈറയിലുണ്ടായ മറ്റൊരു സംഭവത്തിൽ സ്വിമ്മിംഗ് പൂളിലെ ലാഡറിൽ കൈകൾ കുടുങ്ങിയ കുട്ടിയെയും റെസ്‌ക്യൂ ടീം രക്ഷിച്ചു. ഇങ്ങനെ പല സംഭവങ്ങളിലായി 55 കുട്ടികളെ ദുബായ് പോലീസിന്റെ റെസ്‌ക്യൂ ടീം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ രക്ഷിച്ചതായി അബ്ദുല്ല അൽനുഐമി പറഞ്ഞു.
 

Tags

Latest News