Sorry, you need to enable JavaScript to visit this website.

2024 ൽ കണ്ണുംനട്ട് രാഹുൽ ഗാന്ധി 

സുദീർഘ കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി തുടർച്ചയായി രണ്ടു ടേം പ്രതിപക്ഷത്തിരുന്ന ശേഷം രാജ്യം 2024 ൽ പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ബി.ജെ.പിയെ നേരിടാൻ പതിനഞ്ച് പ്രതിപക്ഷ പാർട്ടികൾ പവാറിന്റെ നേൃത്വത്തിൽ സമ്മേളിക്കുന്നു. 1977 ൽ ജനതാ പാർട്ടി എന്ന പേരിൽ പ്രതിപക്ഷം ഒരുമിച്ച പോലൊരു സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. എത്ര തന്നെ ശോഷിച്ചാലും ഇന്ത്യയാകെ സംഘടന സംവിധാനമുള്ള കോൺഗ്രസിനാണ് ജനങ്ങളെ ഏറ്റവും സ്വാധീനിക്കാൻ കഴിയുക. ജാതിയും മതവും പശുവും ശത്രുരാജ്യവും എടുത്തിട്ടാൽ എളുപ്പത്തിൽ വിജയിക്കാവുന്ന സാഹചര്യം ഇന്ത്യയിൽ ഇപ്പോഴില്ല. പ്രമുഖ സാമ്പത്തിക പത്രമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത് കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യയിൽ മെയ് മാസത്തിൽ മാത്രം ഒന്നര കോടി ആളുകളെ തൊഴിൽ രഹിതരാക്കിയെന്നാണ്. കോവിഡ്19 തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്ത്യയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നത് തർക്കമില്ലാത്ത കാര്യം. 
കോവിഡിന്റെ രണ്ടാം തരംഗവും അതിനെ തുടർന്നുണ്ടായ കാര്യങ്ങളും ജനങ്ങളെ നേരിട്ട് ബാധിച്ച വിഷയമാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. 2004 ന് സമാനമായ സാഹചര്യമാണ് രാജ്യത്ത് ഇന്നുള്ളതെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ആഞ്ഞു പിടിച്ചാൽ മോഡി സർക്കാർ വീഴുമെന്നാണ് വിലയിരുത്തൽ. 2004 ലും സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു വാജ്‌പേയി സർക്കാരിനെ വീഴ്ത്തിയത്. 
നെഹ്്‌റു  മുതൽ രാജീവ് ഗാന്ധി വരെ ഇന്ത്യയുടെ ഭരണം ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1969 ൽ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് പിളർന്നത് മുതൽ കോൺഗ്രസിന് നേരിയ ഇടർച്ച സംഭവിച്ചെങ്കിലും അധികാരത്തിൽ നെഹ്‌റു  കുടുംബത്തിന്റെ സാന്നിധ്യം ശക്തമായി തുടർന്നു. എന്നാൽ പതിയെ ഭിന്ന സ്വരങ്ങൾ ഉയരുകയും വിവിധ സംസ്ഥാനങ്ങളിൽ ചെറുസംഘങ്ങൾ രൂപപ്പെടുകയും ചെയ്തു. നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനാണ് രാഹുൽ ഗാന്ധി. രാജ്യം കണ്ട പ്രമുഖനായ അഭിഭാഷകൻ മോത്തിലാൽ നെഹ്‌റുവിന്റെ കുടുംബ പരമ്പര. കുടുംബത്തിലെ ആദ്യ രാഷ്ട്രീയക്കാരൻ മോത്തിലാൽ നെഹ്‌റു  ആയിരുന്നു. മകൻ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു. ഇദ്ദേഹത്തിന്റെ മകൾ ഇന്ദിരാ ഗാന്ധി രാജ്യം കണ്ട എക്കാലത്തെയും ശക്തയായ ഭരണകർത്താവ്. അവരുടെ മകൻ രാജീവ് ഗാന്ധിയും രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്തു. ഇന്ദിരയും രാജീവും കൊല്ലപ്പെട്ടതും രാജ്യത്തിന് ഒരിക്കലും  മറക്കാനാവാത്ത ചരിത്രങ്ങൾ. അടുത്ത ഊഴം രാഹിലിന്റേതാവുമെന്ന് എല്ലാവരും കരുതി.  
2003 ലാണ് രാജീവിന്റെ മകൻ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങണമെന്ന തീരുമാനം കോൺഗ്രസ് നേതൃത്വം എടുക്കുന്നത്. കോൺഗ്രസിലെ യുവരക്തങ്ങൾ രാഹുൽ ടീം എന്നറിയപ്പെടാൻ തുടങ്ങി. ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്, ജിതിൻ പ്രസാദ, മനീഷ് തിവാരി, അജയ് മാക്കൻ, കുൻവർ സിങ് എന്നിവരെല്ലാം അതിൽപെടും. സിന്ധ്യയും പ്രസാദയുമെല്ലാം ഇപ്പോൾ  ബിജെപിയിലാണ് എന്നത് വേറെ കാര്യം. 
2004 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ചർച്ചകൾ വന്നിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധി പിൻമാറി. വിദേശ വനിത എന്ന ആരോപണം ചിലർ അവർക്കെതിരെ ഉയർത്തുകയും ചെയ്തു. ഇക്കാലത്ത് രാഹുൽ അധികാരമേൽക്കുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും കുടുംബത്തിന്റെ വിശ്വസ്തനും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗാണ് പ്രധാനമന്ത്രിയായത്. 2009 ലും മൻമോഹൻ തന്നെ പ്രധാനമന്ത്രിയായി. 
പിന്നീട് രാജ്യത്ത് ബിജെപിയുടെ വളർച്ചയാണ് കണ്ടത്. രണ്ടാം മൻമോഹൻ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതികൾ ഇതിന് കരുത്തേകി. 2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂപ്പുകുത്തി. വെറും 44 സീറ്റിലാണ് ജയിച്ചത്. 2019 ലും സമാനമായ അവസ്ഥ തന്നെയായി. ഇതിനിടെ രാഹുൽ കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തിരുന്നു എങ്കിലും 2019 ലെ തോൽവിയുടെ പശ്ചാത്തലത്തിൽ രാജിവെച്ചു. വയനാട്ടിലും അമേത്തിയിലും മൽസരിച്ച രാഹുൽ വയനാട്ടിൽ മാത്രം ജയിച്ചു. കോൺഗ്രസിന്റെ എക്കാലത്തെയും ഉരുക്കു കോട്ടയായ അമേത്തിയിൽ തോറ്റത് നാണക്കേടായി. ഇനിയാര് കോൺഗ്രസിനെ നയിക്കുമെന്ന ചോദ്യം ബാക്കി നിൽക്കുമ്പോൾ എല്ലാവരുടെയും പ്രതീക്ഷ രാഹുൽ ഗാന്ധിയിൽ തന്നെയാണ്. ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന രാഹുലിന് കോൺഗ്രസ് നേതാക്കളുടെ മതിയായ പിന്തുണ ലഭിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. പാർട്ടിയിലെ ഭിന്നത പരിഹരിക്കലും ക്ഷീണം പിടിച്ച കോൺഗ്രസിനെ ശക്തിപ്പെടുത്തലുമാണ് രാഹുലിന്റെ മുന്നിലെ വെല്ലുവിളി.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയൊരു നേതാവിനെ അവതരിപ്പിക്കാൻ  ചില ഗ്രൂപ്പുകൾ ശ്രമം തുടങ്ങിയതായി അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ഗ്രൂപ്പ് ഓഫ് നയൻ എന്നാണ് ഇവർ അറിയപ്പെടുന്നത്. 2024 ൽ പി ചിദംബരത്തെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനാണ് നീക്കം. ചിദംബരത്തെിനെതിരെ ആരോപണങ്ങൾ ഉണ്ടെങ്കിലും ക്രിയാത്മകമായി നരേന്ദ്ര മോഡിയെ നേരിടുന്നത് ചിദംബരമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാക്കൾ.  രാഹുൽ ഗാന്ധിയെ വിശ്വാസമില്ലാത്തതാണ് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പ്രശ്‌നം.  ചിദംബരം ഉണ്ടെങ്കിൽ ദക്ഷിണേന്ത്യയിൽ നിന്നും പ്രാദേശിക പാർട്ടികൾ കൂടുതലായി പിന്തുണയ്ക്കും. ഹിന്ദി ഹൃദയ ഭൂമിയിൽ അദ്ദേഹത്തിന് നേരത്തെ തന്നെ പിന്തുണയുള്ളതാണ്.  അതിസമ്പന്നരാണ് ചിദംബരത്തെ മുന്നിൽ നിർത്തിയുള്ള നീക്കത്തിന് പിന്നിൽ. ന്യൂയോർക്ക്, ദുബായ്, ഹോങ്കോങ്, സിംഗപ്പൂർ, ലണ്ടൻ, ക്വലാലംപൂർ, എന്നീ രാജ്യങ്ങളിലെ സമ്പന്നർ ഇന്ത്യയിലുള്ള പങ്കാളികളുമായി ചേർന്ന് ചിദംബരത്തെ മുന്നിൽ നിർത്താൻ സമ്മർദം ചെലുത്തുന്നുണ്ട്.    2014 ൽ ദേശീയ വികാരമുണ്ടായപ്പോൾ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണിച്ചതാണ് പ്രശ്‌നമായതെന്ന് ഇവർ വിലയിരുത്തുന്നു. ദേശീയ തലത്തിൽ വലിയ ദേശീയ വികാരം ഉയർന്നപ്പോൾ രാഹുലിനേക്കാൾ മോഡിയുടെ കൈയിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്നാണ് ജനങ്ങൾ കരുതിയതെന്നും അതാണ് കൂടുതൽ സീറ്റ് കിട്ടാൻ കാരണമെന്നും ഗ്രൂപ്പ് 9 കണക്കാക്കുന്നു.  ഇത്തവണ അത്തരം വികാരങ്ങൾ ജനങ്ങളുടെ ദുരിതത്തിന് മുകളിൽ പോവില്ലെന്നും ഇവർക്ക് ഉറപ്പുണ്ട്. നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ വന്നാൽ ഒരിക്കലും കോൺഗ്രസിന് അധികാരം കിട്ടില്ലെന്ന് ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ ചിദംബരമാണ് ബെസ്റ്റ് ചോയ്‌സ്. പ്രതിപക്ഷ പാർട്ടികൾ മുഴുവൻ അദ്ദേഹത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.  ചിദംബരം തുടർച്ചയായി സാമ്പത്തിക കാര്യങ്ങൾ സംസാരിക്കുന്നത് ഈ നീക്കം കൂടി മുന്നിൽ കണ്ടാണ്. 
നോട്ട് റദ്ദാക്കൽ എന്ന ഹിമാലയൻ വങ്കത്ത കാലത്ത് പ്രതിപക്ഷ നേതൃത്വം ഏറ്റെടുത്ത രാഹുൽ ഗാന്ധി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. വിഷയം ചൂടുപിടിച്ചു വരുമ്പോൾ യൂറോപ്പിലേക്ക് പറക്കുകയും ചെയ്തു. എന്നാലിപ്പോൾ അങ്ങനെയല്ല. കഴിഞ്ഞ ദിവസം മോഡി സർക്കാരിന്റെ കോവിഡ് പ്രതിരോധ വീഴ്്ചക്കെതിരെ സംസാരിച്ചത് പ്രതീക്ഷക്ക് വക നൽകുന്നു. മോഡിയുടെ കരച്ചിൽ കൊണ്ട് കാര്യമില്ല. മൂന്നാം തരംഗ ഭീതിയിലാണ് ഇന്ത്യക്കാരെന്നെല്ലാം രാഹുൽ ഗാന്ധി പറഞ്ഞു. ഇത് അദ്ദേഹം തുടർച്ചയായി ചെയ്തു വരുന്നതിന്റെ ഫോളോ അപ്പാണ്. പാർട്ടിയിലെ വിമത ഭീഷണി തീർത്തും ഇല്ലാതാക്കാനും രാഹുൽ  ഉത്സാഹിക്കുന്നുണ്ട്. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് ബഹിഷ്‌കരണം നേരിടുമെന്ന് രാഹുലിനറിയാം. അതുകൊണ്ടാണ് സീനിയേഴ്‌സിനെ കളത്തിലിറക്കി കളിക്കുന്നത്. രാഹുൽ ജി23 യുമായി ചർച്ച നടത്താൻ വിശ്വസ്തരെ ഉപയോഗിക്കുന്നുണ്ട്. ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് അയക്കാനാണ് തീരുമാനം.  ഇവരെ കൊണ്ടുവരുന്നത് ദീർഘകാല ലക്ഷ്യത്തോടെയാണ്.   രണ്ട് രാജ്യസഭാ സീറ്റുകളിലാണ് ഇപ്പോൾ കോൺഗ്രസിൽ ലോബിയിംഗ് നടക്കുന്നത്. ജി23 നേതാക്കൾക്ക് മാത്രമേ ഈ രണ്ട് സീറ്റും നൽകൂ എന്നാണ് രാഹുലിന്റെ നിലപാട്. ജി23 നേതാക്കൾ ഈ സീറ്റിനായി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ ലക്ഷ്യം വിശാലമാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവണമെങ്കിൽ പാർട്ടിക്കുള്ളിൽ എല്ലാവരുടെയും പിന്തുണ വേണം. ശരത് പവാറിന്റെ നേതൃത്വത്തിൽ രാഹുലിനെ മാറ്റി നിർത്തിയൊരു നീക്കം പ്രതിപക്ഷം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസിന് കൂടുതൽ സംസ്ഥാന തെരഞ്ഞെടുപ്പുകൾ വിജയിക്കാനുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഗോവ എന്നിവ പിടിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്. സംഘടനാ സംവിധാനം ശക്തമാക്കാനാണ് സീനിയേഴ്‌സിനെയും ജി23 നെും ഉപയോഗിക്കുന്നത്.  രാഹുലായിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാകുകയാണ്. ചിദംബരത്തെ പിന്തുണയ്ക്കുന്നവർ മാറി നിൽക്കുമെന്നുറപ്പ്.  പവാറിനെ മാറ്റിയേ തീരൂ എന്നാണ് രാഹുലിന്റെ നിലപാട്. ഇപ്പോൾ മാറിനിന്നാൽ പിന്നീടൊരിക്കലും കോൺഗ്രസിന് പ്രതിപക്ഷ നിരയിൽ ശബ്ദമുയർത്താനാവില്ലെന്ന് രാഹുലിന് അറിയാം. പവാറിനെ ഡീൽ ചെയ്യാനും ബെസ്റ്റ് ഈ സീനിയർ നേതാക്കളാണ്. 2022-2023 വർഷങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിക്കാനായാണ് ജി23 നെ മടക്കിക്കൊണ്ടുവരുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന നിയമസഭാ തെരഞ്ഞെടുപ്പായ യു.പി ബി.ജെ.പി ഇതര കക്ഷികൾ പിടിച്ചാൽ രാഹുലിന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പ്രയാണത്തിന് വഴിയൊരുങ്ങും.  രാഹുലിന്റെ വരവ് പക്ഷേ പ്രതീക്ഷിച്ചത് പോലെ എളുപ്പമാവില്ല. കോൺഗ്രസ് അടുത്ത വർഷം മുതലുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകൾ വിജയിച്ച് തുടങ്ങണം. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകൾ ജയിക്കുകയും യുപിയിൽ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്യണം. അത് 2023 ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ ഇടങ്ങളിൽ ആവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് പിന്തുണയുണ്ടാവൂ. നിലവിൽ കോൺഗ്രസിനെ ജൂനിയർ പാർട്ണറായി പോലും പ്രതിപക്ഷ പാർട്ടികൾ കാണുന്നില്ല. 


 

Latest News