കോവിഡ് ഇല്ലാതാകുന്നതുവരെ വാക്‌സിനെടുക്കാത്തവർക്ക് ഖത്തറിൽ നിയന്ത്രണങ്ങളും പരിശോധനയും തുടരും

ദോഹ- ലോകത്ത് കോവിഡ് പൂർണമായും ഇല്ലാതാവുന്നതുവരെ വാക്‌സിനെടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങളും കോവിഡ് പരിശോധനയും തുടരുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി അഭിപ്രായപ്പെട്ടു. ഖത്തർ ഇക്കണോമിക് ഫോറത്തിൽ ദ ഇക്കണോമിക്‌സ് ഓഫ് ഇക്കോളജി ആന്റ് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കോവിഡിനെ നിയന്ത്രണവിധേയമാക്കുന്ന രീതിയിൽ ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായാൽ മാത്രമേ വാക്‌സിനെടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കാനാവൂ .

വിവിധ ബിസിനസുകളും സാമ്പത്തിക പ്രവർത്തനങ്ങളും സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള മാർഗമായി പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു.

വാക്‌സിൻ വൈറസിനെ പൂർണമായയും ഇല്ലാതാക്കുന്നില്ലെങ്കിലും കോവിഡ് വ്യാപനത്തെ തടയുന്നതിന് വലിയ തോതിൽ സഹായയകമാണെന്നതിനാൽ താമസിയാതെ തന്നെ ഖത്തറിന് സാമൂഹിക പ്രതിരോധ ശേഷി ( ഹെർഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പോസ്റ്റ് ടെസ്റ്റിംഗും സാമൂഹിക പ്രതിരോധശേഷിയും എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് മന്ത്രാലയം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താമസിയാതെ മിക്ക രാജ്യങ്ങൾക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതിനുശേഷം, ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും വിവിധ രാജ്യങ്ങളിൽ സമ്പദ്വ്യവസ്ഥയ്ക്ക് സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും അവർ പറഞ്ഞു.

കോവിഡ് വാക്‌സിൻ സംബന്ധിച്ച ചർച്ചകൾ നടന്ന ആദ്യ ഘട്ടത്തിൽ തന്നെ ഖത്തറിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച വാക്‌സിനുകൾ ലഭ്യമാക്കണമെന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ നിർദേശത്തെ തുടർന്നാണ് ഫൈസർ, മോഡേണ കമ്പനികളുമായി ധാരണയിലെത്തിയത്. ലോകത്തെ ഏറ്റവും മികച്ച വാക്‌സിനുകളാണ് ഫൈസറും മോഡേണയും.

കോവിഡ് വൈറസ് ചില ലാബുകളിൽ നിന്നും ലീക്കായതാണെന്ന സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ അത് സംബന്ധമായി നടന്ന ഇൻവെസ്റ്റിഗേഷൻ വൈറസ് ലാബിൽ നിന്നും ലീക്കായതല്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇൻവെസ്റ്റിഗേഷൻ പുരോഗമിക്കുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഖത്തർ കാബിനറ്റിലെ ഏക വനിത പ്രതിനിധിയെന്നതിൽ അഭിമാനമുണ്ടെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയും സ്ത്രീ ശാക്തീകരണത്തിന് വമ്പിച്ച പ്രാധാന്യമാണ് നൽകുന്നതെന്നും അവർ പറഞ്ഞു.
 

Latest News