യു.എ.ഇയില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ വിദേശിക്ക് 25 വർഷം തടവ്

ദുബായ്- ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. നേപ്പാള്‍ സ്വദേശിയായ യുവാവിനാണ് തടവ് ശിക്ഷ ലഭിച്ചത്. 2020 സെപ്റ്റംബര്‍ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.

താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഭാര്യയെ അവിഹിത ബന്ധം ചോദ്യം ചെയ്തു കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന ഭാര്യയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്.

സുഹൃത്തുക്കള്‍ വഴിയാണ് ഭാര്യയുടെ അവിഹിത ബന്ധത്തെ കുറിച്ച് ഇയാള്‍ അറിഞ്ഞത്. ഇത് അന്വേഷിക്കാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരാള്‍ ഫോണെടുക്കുകയും ഞങ്ങള്‍ രണ്ടു പേരെയും ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്.

Latest News