Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റ് 12 മുതല്‍ മൂന്നാഴ്ച തിയറ്ററുകളില്‍ മരക്കാര്‍ മാത്രം,  മറ്റു സിനിമകളൊന്നും റിലീസ് ചെയ്യില്ല

പെരുമ്പാവൂര്‍- വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തില്‍ നിന്നുളള ബാഹുബലി ആയേക്കുമെന്ന് പ്രതീക്ഷിക്കുന്ന മരക്കാര്‍ ഒടിടി റിലീസിന് കൊടുക്കാതെ തിയറ്ററില്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. കോവിഡ് കാരണം റിലീസ് നീണ്ട് പോയ മരക്കാര്‍ ഓണച്ചിത്രമായി ഓഗസ്റ്റ് 12നാണ് തിയറ്ററുകളിലെത്തുക. മൂന്നാഴ്ചത്തേക്ക് 600 തിയറ്ററുകളില്‍ മരക്കാര്‍ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തിന് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 2020 മാര്‍ച്ച് 26ന് ആയിരുന്നു മരക്കാര്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായതോടെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാതാവുകയും മരക്കാര്‍ റിലീസ് മാറ്റി വെയ്‌ക്കേണ്ടി വരികയും ചെയ്തു.  തിയറ്റര്‍ അനുഭവത്തിനായി പ്രേക്ഷകര്‍ കാത്തിരുന്ന ദൃശ്യം 2 ഓടിടിയില്‍ റിലീസ് ചെയ്തതോടെ മരക്കാറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുമോ എന്നുളള ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു. എന്നാല്‍ മരക്കാര്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി. തിയറ്ററുകള്‍ ഉടനെ തുറന്നേക്കും എന്നാണ് പ്രതീക്ഷ.
 

Latest News