Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉത്സവക്കുട വിരിഞ്ഞു

പാലക്കാടും കോഴിക്കോടും തുടക്കം മുതൽ വാശിയിൽ
മുഖ്യമന്ത്രിയുടെ അസാന്നിധ്യം പ്രതിഷേധത്തിനിടയാക്കി
മത്സരങ്ങൾ വൈകി
മേള കാണാൻ വൻതിരക്ക്

തൃശൂർ - പൂരം വർണമൊരുക്കുന്ന മണ്ണിൽ കൗമാര കേരളം ചുവടുവെച്ചു തുടങ്ങി. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ 21 വേദികളിൽ കലകളുടെ കുടമാറ്റം. ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറും പോലെ ഓരോ വേദിയിലും ആവേശം കൊട്ടിക്കയറി. പൂരക്കാഴ്ചകൾ നിറയും തേക്കിൻകാട്ടിൽ കലോത്സവക്കാഴ്ചകൾ നിറഞ്ഞു തുളുമ്പി. 58 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആവേശകരമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിനെത്താതെ വിട്ടുനിന്നതിന്റെ ക്ഷീണം അൽപനേരമുണ്ടായെങ്കിലും കലാമത്സരങ്ങൾ തുടങ്ങിയതോടെ എല്ലാ പ്രതിഷേധങ്ങളും ക്ഷീണവും കലയുടെ ആവേശത്തിൽ ആറിത്തണുത്തു. 
തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രധാന വേദിയായ നീർമാതളത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കുരുത്തോല വിളക്കിൽ 58 ചെരാതുകൾ തെളിയിച്ചതോടെ കലയുടെ മഹാപൂരത്തിന് തുടക്കമായി.
ഉദ്ഘാടനം നിശ്ചയിച്ചതിലും വൈകിയതോടെ പ്രധാന വേദിയിലെ മത്സരങ്ങൾ ആരംഭിക്കാനും വൈകി. നീർമാതളത്തിൽ മോഹിനിമാർ മേയ്ക്കപ്പണിഞ്ഞ് കൃത്യസമയത്തെത്തിയിരുന്നുവെങ്കിലും രണ്ടര മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്. മറ്റു പല വേദികളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒപ്പന വേദി മത്സരത്തിന് അനുയോജ്യമല്ലെന്ന പരാതിയെ തുടർന്ന് ഇവിടെയും മത്സരം വൈകി. വേദികളുടെ എണ്ണം പതിവിലും വർധിപ്പിച്ച് കുറച്ചു ദിവസം കൊണ്ട് മത്സരം തീർക്കുകയെന്ന രീതിയിലാണ് ഇത്തവണത്തെ കലോത്സവം നടക്കുന്നത്. 
എങ്കിലും കലോത്സവത്തിന്റെ ആദ്യ ദിനത്തിലെ പാളിച്ചകളെന്ന നിലയിൽ ഇതിനെയെല്ലാം സദസ്യരും മത്സരാർത്ഥികളും ക്ഷമിച്ചു. 
മേള കാണാൻ പ്രധാന വേദികളിൽ തിരക്കുണ്ടായെങ്കിലും മറ്റു വേദികളിൽ തിരക്ക് കുറവായിരുന്നു.
അക്വാട്ടിക് കോംപ്ലക്‌സിലെ ഊട്ടുപുരയിൽ പരാതികൾക്കിട നൽകാതെ ഒന്നാം ദിനത്തിൽ ഭക്ഷണം പാചകം ചെയ്ത് വിളമ്പി പഴയിടം മോഹനൻ നമ്പൂതിരിയും കൂട്ടരും കൈയടി നേടി.
ചോറും സാമ്പാറും അവിയലും കാളനും ഉപ്പേരിയും നാരങ്ങാക്കറിയും പപ്പടവും പായസവും കൂട്ടിയായിരുന്നു വിഭവ സമൃദ്ധമായ സദ്യ.
ജില്ല കലക്ടറടക്കമുള്ളവർ പഴയിടത്തിന്റെ കൈപ്പുണ്യമറിയാനെത്തിയിരുന്നു.
കലോത്സവ നഗരിയിൽ പ്ലാസ്റ്റിക്കിന് കർശന വിലക്കാണുള്ളത്. 
അവധി ദിവസമായ ഇന്ന് വൻ തിരക്കാണ് കലോത്സവ നഗരിയിൽ പ്രതീക്ഷിക്കുന്നത്. ആദ്യ ദിനത്തിലെ മത്സരയിനങ്ങളിൽ പങ്കെടുത്തവരിൽ മിക്കവരും എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ദിനത്തിലെ മത്സരങ്ങൾ രാത്രി വൈകിയും തുടരുമ്പോൾ പാലക്കാട് മുന്നേറുകയാണ്. തൊട്ടുപിന്നിൽ നിലവിലെ ജേതാക്കളായ കോഴിക്കോടുമുണ്ട്. ഇഞ്ചോടിഞ്ചു പോരാട്ടമാണ് പാലക്കാടും കോഴിക്കോടും ആദ്യ ദിനം മുതൽ കാഴ്ച വെക്കുന്നത്.
ആതിഥേയരായ തൃശൂരിനൊപ്പം മലപ്പുറവും കണ്ണൂരും മൂന്നാം സ്ഥാനത്ത് ശക്തമായ സാന്നിധ്യമറിയിക്കുന്നുണ്ട്.

Latest News