ദുബായ്- ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020 നായി ദുബായിക്ക് ഇനി 100 ദിവസം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൗണ്ട് ട്വീറ്റ് ചെയ്തു.
എക്‌സ്‌പോയുടെ ഭാഗമായി 192 രാജ്യങ്ങള്‍ ദുബായില്‍ സംഗമിക്കും. ഇതു പുതിയൊരു വീണ്ടെടുക്കല്‍ ഘട്ടത്തിലേക്കുള്ള പ്രവേശനമാണ്. അരലക്ഷം ജീവനക്കാര്‍ ചേര്‍ന്ന് 192 പവലിയനുകള്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. 30,000 സന്നദ്ധപ്രവര്‍ത്തകര്‍ ലോകത്തെ സ്വാഗതം ചെയ്യാന്‍ തയാറായി നില്‍ക്കുന്നു. എക്‌സ്‌പോ 2020 ദുബായ് ലോകത്തിലെ ഏറ്റവും വലുതും സമന്വയിപ്പിച്ചതുമായ സാംസ്‌കാരിക, വിജ്ഞാന കൈമാറ്റത്തിന് ഇടം നല്‍കും.
കോവിഡ് -19 കാലഘട്ടത്തിനു ശേഷമുള്ള പ്രധാന സാമ്പത്തിക, വികസന, സാംസ്‌കാരിക പ്രവണതകള്‍ക്ക് വഴിയൊരുക്കും. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിക്ക് ആതിഥേയത്വം ഒരുക്കുന്നതിലെ തങ്ങളുടെ വിജയം പകര്‍ച്ചവ്യാധിയെ മറികടക്കുന്നതിനുള്ള മനുഷ്യ ഐക്യദാര്‍ഢ്യത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.