ദുബായ്- ഇന്ത്യയില്‍ നിന്നു യു.എ.ഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ആറു വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രാ വിലക്ക് ബുധനാഴ്ച അവസാനിച്ചതിനാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.എ.ഇയിലേക്കു വരാന്‍ ഇന്ത്യയില്‍ കാത്തിരിക്കുന്നവര്‍. എമിറേറ്റ്‌സ് അടക്കമുള്ള മറ്റു വിമാന കമ്പനികളും സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
ഒരു യാത്രക്കാരനുള്ള മറുപടിയായി എയര്‍ ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങളുടെ വെബ് സൈറ്റ്, ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരണമെന്നും നിര്‍ദേശിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍നിന്ന് നാളെ മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
യാത്രാ വിലക്ക് നീങ്ങിയെങ്കിലും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കമുള്ള വിമാനങ്ങള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാത്തതിനാല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു.






