ജിസാൻ - വിനോദ സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് ടൂറിസം മേഖലാ നിക്ഷേപകനായ സൗദി പൗരൻ നാജി അൽഅബ്ദലി ഫൈഫയിലെ മലഞ്ചെരിവിൽ കപ്പൽ മാതൃകയിൽ നിർമിച്ച വീട് വിസ്മയമാകുന്നു. കാപ്പി കൃഷിയിടവും കസ്റ്റാർഡ് ആപ്പിൾ ഫാമും ഗ്രാമീണ റിസോർട്ടും അടങ്ങിയതാണ് ഈ ടൂറിസ്റ്റ് ആകർഷണം. ഇവിടം ആർക്കും സന്ദർശിക്കാവുന്നതാണ്. 'പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന് വിശ്രമിക്കുകയും ജീവിക്കുകയും ചെയ്യുക, ഇത് നിങ്ങളുടെ സ്ഥലമാണ്. ഇവിടം പരിപാലിക്കേണ്ടത് നിങ്ങളാണ്' എന്നാണ് എല്ലായ്‌പ്പോഴും ഞങ്ങൾ വിനോദ സഞ്ചാരികളോട് പറയുന്നത് -നാജി അൽഅബ്ദലി പറഞ്ഞു.
ഈ ദിവസങ്ങൾ ഫൈഫയിലേക്ക് വരുന്ന ആർക്കും റിസോർട്ട് സന്ദർശിക്കാനുള്ള മികച്ച അവസരമാണ്. കസ്റ്റാർഡ് ആപ്പിൾ, കാപ്പി തുടങ്ങിയ എല്ലാ വൃക്ഷങ്ങളും കായ്ച്ചുനിൽക്കുന്നു. സന്ദർശകർക്ക് ഈ ഫാമുകളെല്ലാം കാണാൻ സാധിക്കും. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലയാണ് വിനോദ സഞ്ചാര മേഖല. എണ്ണക്ക് സമാനമായ വരുമാനം ടൂറിസം മേഖല സംഭാവന ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സൗദിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പർവത പ്രദേശങ്ങൾക്ക് സൗദി ടൂറിസം അതോറിറ്റിയുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമാണ്.
ഫൈഫയിലെ മികച്ച ടൂറിസം പദ്ധതികളിൽ ഒന്നാണ് കപ്പൽ മാതൃകയിലുള്ള ഗ്രാമീണ ഭവനം. ഗ്രാമീണരുടെ ജീവിതം ആസ്വദിക്കാൻ ഫൈഫയിൽ വിനോദ സഞ്ചാരികൾക്ക് അവസരമുണ്ട്. പരമ്പരാഗത ടൂറിസത്തിൽനിന്ന് ശുദ്ധമായ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് വിനോദ സഞ്ചാരികളെ ഗ്രാമീണ ടൂറിസം മാറ്റുകയും ഫൈഫയിലെ മികച്ച കാലാവസ്ഥയും അന്തരീക്ഷവും കൃഷിയിടങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു.
അടുത്ത ഘട്ടത്തിൽ ഫസ്റ്റ് ക്ലാസ് ഹോട്ടൽ സ്വീറ്റുകൾ റിസോർട്ടിൽ നിർമിക്കും. ഇതേ റിസോർട്ടിൽ 12 മീറ്റർ നീളമുള്ള, ചില്ലു കൊണ്ടുള്ള തൂക്കുപാലവുമുണ്ട്. കൃത്രിമ തടാകങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപത്തായി കുടിലുകളുമുണ്ടെന്ന് നാജി അൽഅബ്ദലി പറഞ്ഞു.






