കുവൈത്ത് സിറ്റി - വ്യാജ രേഖകൾ നിർമിച്ച് 29 വർഷം കുവൈത്തി പൗരനായി ജീവിക്കുകയും ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ സൈനികനായി ജോലി നേടുകയും ചെയ്ത സൗദി പൗരനെ കുവൈത്ത് കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചു. 1989 മുതൽ 2018 വരെയുള്ള കാലത്താണ് സൗദി പൗരൻ കുവൈത്തിൽ ജീവിച്ചത്. ആൾമാറാട്ടം നടത്തിയ സൗദി പൗരൻ കുവൈത്തി പൗരന്മാർക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും അനുഭവിക്കുകയായിരുന്നു.
കുവൈത്തിൽ പ്രവേശിച്ച് അവിടെ കഴിഞ്ഞുവന്ന സൗദി പൗരൻ താൻ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽ പെട്ടയാളാണെന്ന് വാദിച്ച് ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ച് വ്യാജ പേരിൽ രജിസ്റ്റർ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് പാസ്‌പോർട്ട് സംഘടിപ്പിക്കുകയുമായിരുന്നു.
വ്യാജ പേരിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ സൈനികനായും സൗദി പൗരൻ ജോലി നേടി. ഇതിലൂടെ 5,71,792 കുവൈത്തി ദീനാർ സൗദി പൗരൻ കൈപ്പറ്റി. ബിദൂൻ വിഭാഗത്തിൽ പെട്ടവരുടെ പദവി ശരിയാക്കുന്ന ഏജൻസിയിൽ തന്റെ രണ്ടു മക്കളെയും സൗദി പൗരൻ രജിസ്റ്റർ ചെയ്തിരുന്നു.
ഏതാനും സിറിയക്കാരെ ഇയാൾ സഹായിച്ചതായും അനർഹമായി ഭവന വാടക അലവൻസ് കൈപ്പറ്റിയതായും വ്യാജ രേഖകൾ സമർപ്പിച്ച് ബാങ്കിൽനിന്ന് സാമൂഹിക വായ്പ തരപ്പെടുത്തിയതായും തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ സൗദി പൗരന് കോടതി രണ്ടായിരം കുവൈത്തി ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. ഇയാളുടെ പക്കലുള്ള തോക്കും വെടിയുണ്ടകളും കണ്ടുകെട്ടാനും വിധിയുണ്ട്.
ആൾമാറാട്ടം നടത്തി ജോലി തരപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കൈപ്പറ്റിയ 5,71,792 കുവൈത്തി ദീനാർ മന്ത്രാലയത്തിൽ തിരിച്ചടയ്ക്കണമെന്നും കോടതി വിധിച്ചു. കൂടാതെ ഇയാൾക്ക് 11,43,585 കുവൈത്തി ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. പ്രതിയെ സർവീസിൽനിന്ന് പിരിച്ചുവിടാനും വ്യാജ രേഖകൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദി പൗരനെ കുവൈത്തിൽനിന്ന് നാടുകടത്താനും കോടതി വിധിച്ചു.