ജലമേളകളെല്ലാം ഉപേക്ഷിക്കുന്നതിന്റെ നിരാശയിൽ വള്ളംകളി പ്രേമികൾ
ആലപ്പുഴ - പടിവതിൽക്കലാണ് വള്ളം കളിക്കാലം. പക്ഷേ വെള്ളത്തിലിറങ്ങാൻ ചുണ്ടനുകൾക്ക് ഇത്തവണയും യോഗമില്ല, കളി കാണാൻ വള്ളംകളി പ്രേമികൾക്കും. കോവിഡിന്റെ ആഘാതം ജലമാമാങ്കത്തിന്റെ ശോഭയും ചരിത്രവുമെല്ലാം കുറച്ചു നാളേയ്ക്കെങ്കിലും കെടുത്തിക്കളഞ്ഞിരിക്കുന്നുവെന്ന് തന്നെ പറയാം. സംസ്ഥാനത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന മാസമാണിത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ തുടങ്ങി ലോകപ്രസിദ്ധമായ നെഹ്റു ട്രോഫി ജലോത്സവം കഴിഞ്ഞാലും ഒരു മാസത്തോളം നീളുന്ന വള്ളംകളികളാണ് വിവിധ സ്ഥലങ്ങളിലായി നടക്കുന്നത്. പായിപ്പാട്, ആറന്മുള ഉത്രട്ടാതി ജലോത്സവം, രാജീവ് ഗാന്ധി ട്രോഫി, മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം, നീരേറ്റുപുറം പമ്പ ജലമേള, കരുവാറ്റ എന്നീ ജലമേളകളാണ് പ്രധാനപ്പെട്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളും ആരവവും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ അനിവാര്യതയിൽ നാടിന്റെ സാംസ്കാരിക പൈതൃകവും ഒരുമയുടെ കരുത്തും വിളംബരം ചെയ്യുന്ന വള്ളംകളികൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഉപേക്ഷിക്കും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വള്ളംകളികൾ ചടങ്ങു മാത്രമായി നടത്താനാണ് ശ്രമം. വള്ളം ഉടമകളും ബോട്ട് ക്ലബ്ബുകളും തുഴച്ചിൽകാരുമാണ് ഇത്തവണയും ബുദ്ധിമുട്ടിലായത്. വള്ളംകളി സീസൺ ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പേ സംഘടനകളും കരക്കാരും മത്സരത്തിനുള്ള തയാറെടുപ്പുകൾ നടത്തും. വള്ളം പുതുക്കിപ്പണിയുന്നതും ജലമേളകളിൽ പങ്കെടുക്കാനായി ട്രയലുകൾ നടത്തുന്നതും പതിവ് കാഴ്ച. വള്ളം പണിക്കാർക്കും തുഴച്ചിൽക്കാർക്കും സീസണിൽ ലഭിക്കാറുള്ള വരുമാനവും കോവിഡ് ഇല്ലാതാക്കി. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ഓണ സീസണിലെ കാഴ്ചയായിരുന്നു. മത്സരം ഇല്ലാതായതോടെ ചുണ്ടൻ വള്ളങ്ങൾക്ക് നീരണിയാൻ നാളൊരുപാട് കാത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. ജലമേളകൾക്ക് തുടക്കം ചമ്പക്കുളം മൂലം വള്ളംകളിയാണ്. മിഥുനത്തിലെ മൂലം നക്ഷത്രത്തിലാണ് ചമ്പക്കുളത്താറ്റിൽ രാജപ്രമുഖൻ ട്രോഫിക്കായി മത്സരം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹവുമായി ബന്ധപ്പെട്ടാണ് വള്ളംകളി നടക്കുന്നത്. ഇത്തവണ 24 ന് ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി വള്ളംകളി ചുരുക്കി. ജവാഹർലാൽ നെഹ്റുവിന്റെ കേരള സന്ദർശനത്തിന്റെ സ്മരണ പുതുക്കലാണ് നെഹ്റു ട്രോഫി. തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 മുതൽ നെഹ്റു ട്രോഫിയെന്നാക്കുകയായിരുന്നു. ചരിത്രത്തെ ചേർത്തു നിർത്തുന്ന വള്ളംകളിയാണ് പുന്നമടക്കായലിൽ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വള്ളംകളി ട്രാക്ക് തെറ്റിയിരിക്കുകയാണെന്ന് തന്നെ പറയാം.