Sorry, you need to enable JavaScript to visit this website.

ഇരുൾ നിറഞ്ഞ കേരളം

വിസ്മയ


കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രണ്ടു യുവതികളാണ് കൊല്ലത്തും തിരുവനന്തപുരത്തുമായി ഭർതൃഗൃഹങ്ങളിൽ കൊല്ലപ്പെട്ടത്. സാങ്കേതികമായി രണ്ടും ആത്മഹത്യകളാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ രണ്ടും ഫലത്തിൽ കൊലപാതകങ്ങൾ തന്നെ. രണ്ടിനും കാരണമായത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് വ്യക്തം. അതേസമയം വിസ്മയയുടേതും കിരണിന്റേതും അറേഞ്ച്ഡ് മാരേജായിരുന്നെങ്കിൽ അർച്ചന - സുരേഷിന്റേത് വീട്ടുകാരുടെ സമ്മതമില്ലാത്ത പ്രണയ വിവാഹമായിരുന്നു. പക്ഷേ രണ്ടിന്റേയും അവസാനം ഒന്നു തന്നെ. 

സാക്ഷരരും പ്രബുദ്ധരുമെന്നഹങ്കരിക്കുന്ന മലയാളി എന്തുമാത്രം കാപട്യം ഉള്ളിലൊളിപ്പിച്ചവരാണെന്നാണ് ഈ സംഭവങ്ങൾ ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്. നിയമം മൂലം നിരോധിച്ച ഒന്നാണ് സ്ത്രീധനം എന്നറിയാത്തവരല്ല ആരും. എന്നാൽ പ്രത്യക്ഷത്തിലല്ലെങ്കിൽ പരോക്ഷമായി സ്ത്രീധനം കൊടുക്കാത്ത എത്ര വിവാഹങ്ങൾ നടക്കുന്നുണ്ട്? മുമ്പൊക്കെ ചില സമുദായങ്ങളിലായിരുന്നു ഇതു വ്യാപകമായിരുന്നതെങ്കിൽ പതുക്കെ പതുക്കെ മറ്റു സമുദായങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ചിലർ കൃത്യമായ കണക്കു പറയും, മറ്റു ചിലർ അതു പറയില്ല, മറിച്ച് നിങ്ങളുടെ മകൾക്ക് എന്താണെന്നു വെച്ചാൽ ചെയ്യൂ, ഞങ്ങളുടെ മകൾക്ക് മാന്യമായി തന്നെ കൊടുത്തേ ഇറക്കിവിടൂ... തുടങ്ങിയ ഡയലോഗുകളാണ് കേൾക്കുക. വലിയ വായിൽ വിപ്ലവം പറയുന്നവരിൽ ഭൂരിഭാഗവും ഇതിൽ നിന്നു വ്യത്യസ്തമല്ല എന്നതിൽ നിന്ന് നമ്മുടെ കാപട്യത്തിന്റെ മുഖം കൂടുതൽ വ്യക്തമാകുന്നു. വിസ്മയക്ക് സ്ത്രീധനമായി 100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷത്തിന്റെ കാറും നൽകിയ പിതാവ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവാണല്ലോ. മറുവശത്ത് പ്രണയത്തെ ഉദാത്തവൽക്കരിക്കുന്നവരും പ്രണയ വിവാഹം നടത്തുന്നവർ പോലും വ്യത്യസ്തരല്ല എന്ന് അർച്ചനയുടെ ദുരന്തവും വ്യക്തമാക്കുന്നു. 

കുടുംബ മൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് കേരളീയ സമൂഹം എന്നാണല്ലോ വെപ്പ്. എന്നാൽ അതിഭീകരമായ പീഡനങ്ങളാണ് കുടംബങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്നത്. സംസ്ഥാനത്തെ പോക്‌സോ കേസുകളിൽ വലിയൊരു ഭാഗവും നടക്കുന്നത് വീടുകൾക്കകത്താണെന്ന കണക്കുകൾ പലവട്ടം പുറത്തു വന്നതാണല്ലോ. എന്നാൽ കുടുംബത്തിന്റെ പവിത്രതയുടെ പേരിൽ മിക്കവാറും മൂടിവെക്കപ്പെടുന്നു. വളരെ ചെറിയ ശതമാനം മാത്രം പുറത്തു വരുന്നു. ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 66 സ്ത്രീകൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ നാലു മാസത്തെ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന കേസുകൾ ആയിരത്തിൽപരമാണ്. ഇക്കാര്യത്തിലും ചെറിയൊരു ഭാഗം മാത്രമേ പുറത്തു വരാറുള്ളൂ. കുടുംബ മാഹാത്മ്യത്തിന്റെ പേരിൽ ബാക്കിയെല്ലാം മറച്ചുവെക്കപ്പെടും. സ്വന്തം വീട്ടിൽ തിരിച്ചുവന്നു നിൽക്കുന്നതു പോലും അപമാനമായി കരുതപ്പെടുമ്പോൾ ഭർതൃഗൃഹത്തിൽ എരിഞ്ഞു തീരുന്ന ജീവിതങ്ങൾക്ക് കണക്കില്ല. ഈ രണ്ടുസംഭവങ്ങളിലും പ്രധാന പ്രതി കുടുംബ മാഹാത്മ്യം തന്നെയാണ്. അതിനു കാരണം പ്രബുദ്ധരെന്നഹങ്കരിക്കുന്ന മലയാളി പൊതുസമൂഹവും.

ഏറ്റവും പ്രധാനപ്പെട്ടതും മാറേണ്ടതുമായ ഒന്ന് പെൺകുട്ടികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതാണ്. വിസ്മയ തന്നെ ആയുർവേദ പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. പഠനം പൂർത്തിയായി ജോലിയോ സ്വന്തമായോ പ്രാക്ടീസോ ആയ ശേഷം മാത്രം ആലോചിക്കേണ്ട ഒന്നു മാത്രമാണ് വിവാഹം. എന്നാൽ  നമ്മുടെ നാട്ടിൽ നടക്കുന്നത് മറിച്ചാണ്. വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനനുവദിക്കാതെയാണ് പെൺകുട്ടികളെ ''കെട്ടിച്ചയക്കുക.''  സ്വന്തമായി അഞ്ചു പൈസ പോലും കൈകാര്യം ചെയ്യാനാവാതെ എരിഞ്ഞടങ്ങുകയാണ് അവരുടെ ജീവിതമെന്നു മാതാപിതാക്കൾ പോലും അറിയുന്നില്ല. സ്വന്തം വീട്ടിലേക്കും തിരിച്ചുപോകാനാവാത്ത അവസ്ഥ. അഥവാ തിരിച്ചുപോയാൽ നാട്ടുകാരും വീട്ടുകാരും ഉപദേശിച്ച് തിരിച്ചയക്കും. വിവാഹത്തിനു വന്ന ബാധ്യത മൂലം പല വീടുകളും ബുദ്ധിമുട്ടിലുമായിരിക്കും. ഈ സാഹചര്യത്തിൽ ഈ വഴിയല്ലാതെ മറ്റെന്താണ് അവർക്ക് സ്വീകരിക്കാനാവുക? ഇതിന്റെ മറ്റൊരു വശമാണ് കേരളത്തിൽ വർധിക്കുന്നു എന്നു പറയപ്പെടുന്ന വിവാഹ മോചനങ്ങൾ. വിവാഹ മോചനത്തിനായി എത്തുന്നവരിൽ ഭൂരിഭാഗവും വരുമാന മാർഗമുള്ള സ്ത്രീകളാണ് എന്നതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. കുടുംബ മാഹാത്മ്യത്തിന്റെ അടിമത്തം അനുഭവിക്കാൻ അവർ തയാറല്ല. ജോലിയുള്ളതിനാൽ അവർക്കത് സാധ്യമാകുന്നു. അത്തരം വിവാഹ മോചനങ്ങളെ പുരോഗമനപരമായാണ് കാണേണ്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. (അത്തരം വീടുകളിലെ കുഞ്ഞുങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഗൗരവപരമാണ് എന്നതു വേറെ കാര്യം. അതിനു പരിഹാരം കാണണം).

ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നാട്ടിലാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. സ്ത്രീസാക്ഷരതയിലും നമ്മൾ എത്രയോ മുന്നിലാണ്. എന്നാലത് നമ്മുടെ സംസ്‌കാരത്തേയും സ്വാതന്ത്ര്യബോധത്തേയും ഉത്തേജിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് ഉത്തേജിപ്പിക്കുന്നത് കാപട്യത്തെയാണ്. പുറത്ത് എന്തെല്ലാം പ്രസംഗിക്കുന്നുവോ, അതെല്ലാം പടിക്കു പുറത്തുവെച്ചാണ് നമ്മൾ പൊതുവിൽ വീടുകളിൽ എത്തുക. പ്രവർത്തിക്കുന്നത് മിക്കവാറും അതിനു കടക വിരുദ്ധവും. പ്രസംഗിക്കുന്നതു മുഴുവൻ പ്രായോഗികമാക്കാൻ കഴിയും, കഴിയണം എന്നല്ല പറയുന്നത്. ഒരാൾ ആഗ്രഹിക്കുന്നതും പറയുന്നതും മുഴുവൻ പ്രായോഗികമാക്കാൻ പറ്റണമെന്നില്ല.. എന്നാൽ പറ്റാവുന്ന കാര്യങ്ങളിലും എക്സ്യൂസ് കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും... പുരോഗമനവാദികളായ വിസ്മയയുടെ പിതാവും സഹോദരനും തേങ്ങിയാണെങ്കിലും പറഞ്ഞത് 'ഞങ്ങളും സ്ത്രീധനത്തിനെതിരാണ്.. എന്നാൽ സാഹചര്യങ്ങളുടെ സമ്മർീം മൂലം അതു ചെയ്യേണ്ടിവന്നു എന്നാണ്. എങ്ങനെയാണത് ശരിയാകുക...? വിവാഹത്തിനു തിരക്കു പിടിക്കാതെ മകൾ ഡോക്ടറായി പ്രാക്ടീസ് തുടങ്ങട്ടെ എന്നായിരുന്നില്ലേ അവർ ആലോചിക്കേണ്ടിയിരുന്നത്. സ്ത്രീധനം നൽകുന്നതും കുറ്റകരമാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹത്തിന് അറിയുന്നതല്ലേ? 

സ്ത്രീധനത്തിൽ മാത്രമല്ലല്ലോ നമ്മുടെ കാപട്യം നിലനിൽക്കുന്നത്. ജാതിയുടെ കാര്യത്തിലും അങ്ങനെയല്ലേ? നമുക്ക് ജാതിയില്ല എന്നു അവകാശപ്പെടുന്നവരിൽ എത്ര പേർ സ്വജീവിതത്തിൽ അതു പ്രായോഗികമാക്കിയിട്ടുണ്ട്? അതിനും പക്ഷേ അവർക്ക് ന്യായീകരണങ്ങളുണ്ടാകും. പ്രണയം പോലും ജാതി നോക്കിയാകുന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം വിവാഹ ബ്യൂറോകൾ. ജാതി പ്രഖ്യാപിച്ചുള്ള വിവാഹ പരസ്യങ്ങൾ. എസ്.സി. എസ്.ടി ഒഴികെ എന്നു പരസ്യമായി ജാതി അവഹേളനം നടത്തിയിട്ടും പരസ്യം നൽകിയവർക്കെതിരേയോ പ്രസിദ്ധീകരിക്കുന്നവർക്കെതിരേയോ നടപടിയില്ല. ആഡംബര വിവാഹങ്ങളുടെ കാര്യവും വ്യത്യസ്തമല്ലല്ലോ. എത്രയോ ലക്ഷങ്ങൾ ചെലവാക്കിയാണ് പല വിവാഹങ്ങളും നടക്കുന്നത്. അതാണ് മാന്യതയുടെ പ്രതീകം എന്ന ധാരണയാൽ പല കുടുംബങ്ങളും അതോടെ തകരുന്നതും കാണാം. സ്വർണാഭരണങ്ങളിൽ മുക്കി മക്കളെ വിവാഹ പന്തലുകളിലേക്കിറക്കുന്ന നേതാക്കളെ പോലും നാം കണ്ടിട്ടുണ്ടല്ലോ. ജാതിയും നിറവും കൊട്ടാര സദൃശമായ വീടും സ്വർണവും  ആഡംബര വാഹനങ്ങളുമൊക്കെയാണ് വിവാഹത്തിന്റെ മാത്രമല്ല, സാമൂഹ്യ ജീവിതത്തിന്റെ തന്നെ മാന്യത എന്ന അവസ്ഥയിലേക്ക് കേരളം മാറികഴിഞ്ഞിരിക്കുന്നു. സ്ത്രീകളടക്കം അതെല്ലാം ആന്തരവൽക്കരിച്ചിരിക്കുന്നു. അവയ്‌ക്കെല്ലാം എതിരാണെന്നു പറയുന്നവരിൽ ഭൂരിഭാഗവും ചെയ്യുന്നത് മറ്റൊന്നല്ല എന്നതാണ് മലയാളികളുടെ കാപട്യത്തെ ഏറ്റവും രൂക്ഷമാക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന സംഭവങ്ങൾ അതിനു ഉദാഹരണങ്ങൾ മാത്രം.

Latest News