പെണ്‍കുട്ടികള്‍ കള്ളക്കഥ മെനഞ്ഞു; യു.എ.ഇയില്‍ യുവാവ് ജയിലിലായി

ദുബായ്- മൊബൈല്‍ ഫോണില്‍ സെക്‌സ് ഫോട്ടോകള്‍ പകര്‍ത്തിയതിന് ജയിലിലായ യുവാവിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ ഉന്നയിച്ച ആരോപണം കള്ളക്കഥയാണെന്ന് പോലീസ് കണ്ടെത്തി. റാസല്‍ഖൈമ പോലീസാണ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവന്നത്. കുടുംബ തര്‍ക്കങ്ങളുടെ പേരില്‍ അറബ് വംശജനായ യുവാവിനോട് പ്രതികാരം ചെയ്യുകയായിരുന്നു പെണ്‍കുട്ടികള്‍.
അതേസമയം, രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച യുവാവ് ജയില്‍ മോചനത്തിനുശേഷം നല്‍കിയ നഷ്ടപരിഹാര ഹരജി കോടതി തള്ളി.
രണ്ട് മാസം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട പ്രതി യു.എ.ഇ വിടുന്നതില്‍നിന്ന് തടയുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവിനെതിരെയാണ് യുവാവ് നഷ്ടപരിഹാര ഹരജി നല്‍കിയത്. തെറ്റായ പരാതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തനിക്ക് അപകീര്‍ത്തി ഉണ്ടായെന്നും പാസ്‌പോര്‍ട്ട് നാല് മാസം അധികൃതര്‍ പിടിച്ചുവെച്ചുവെന്നും ജയിലിലായതിനാല്‍ കടക്കെണിയിലായെന്നും കുട്ടികളുടെ ഫീസടക്കാന്‍ പോലുമായില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ നഷ്ടപരിഹാരത്തിനുള്ള ഹരജി റാസല്‍ഖൈമ കോടതി തള്ളി. പെണ്‍കുട്ടികള്‍ കളവാണ് പറയുന്നതെന്ന് പ്രതിക്ക് അറിവില്ലായിരുന്നുവെന്നും മകളും സഹോദരിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിനെ സമീപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Latest News