നൂറ് കഴിഞ്ഞാൽ  എന്നെ കിട്ടില്ല

? 2013 നു ശേഷമാണല്ലോ രോഹിത് നിശ്ചിത ഓവർ ക്രിക്കറ്റിൽ അടിമുടി മാറിയത്

= അതെ, ഈയിടെ കൗതുകകരമായ സ്ഥിതിവിവരണക്കണക്കു കണ്ടു. ഏകദിന കരിയറിലെ ആദ്യ ആറു വർഷം 125 പന്തിൽ ഒരു സിക്‌സർ ആയിരുന്നു എന്റെ ശരാശരിയെന്ന്. 
പിന്നീടുള്ള അഞ്ചു വർഷം 35 പന്തിൽ ഒന്നായി കുത്തനെ ഉയർന്നു. ഏകദിനത്തിലെ മൂന്ന് ഡബ്ൾ സെഞ്ചുറിയും വേഗമേറിയ അർധ സെഞ്ചുറിയും ഈ കാലത്താണ്. 2013 നു ശേഷം 14 സെഞ്ചുറികളടിച്ചു. അതിൽ ഒരെണ്ണമൊഴികെ എല്ലാം 120 നു മുകളിലായിരുന്നു. 

? നൂറ് കടന്ന ശേഷം പുറത്താവുന്നെങ്കിൽ അത് എന്റെ മാത്രം കുറ്റം കൊണ്ടാണെന്നാണ് ഈയിടെ പറഞ്ഞത്. അഹങ്കാരമല്ലേ

= അല്ല. ഉറച്ച ബോധ്യത്തോടെ പറഞ്ഞതാണ്. നൂറ് കഴിഞ്ഞാൽ ഞാൻ എന്റേതായ അവസ്ഥയിലായിരിക്കും. എന്തും സാധിക്കും. സ്വയം പിഴവ് വരുത്തിയില്ലെങ്കിൽ ബൗളർക്ക് കീഴടക്കാനേ ആവില്ല. അല്ലെങ്കിൽ ബൗളർ പന്ത് കൊണ്ട് എന്തും സാധിക്കുന്ന വസീം അക്രമോ വഖാർ യൂനുസോ ഏറ്റവും ചുരുങ്ങിയത് മിച്ചൽ സ്റ്റാർക്കോ ഡെയ്ൽ സ്‌റ്റെയ്‌നോ ആയിരിക്കണം.

? എന്താണ് ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനം

= പൊതുവെ മൂന്നു ഘട്ടങ്ങളുണ്ടാവും ഓരോ ഇന്നിംഗ്‌സിനും. ആദ്യ പത്തോവറിൽ കാര്യങ്ങൾ ഗ്രഹിക്കുകയാണ്. കളിയുടെ അവസ്ഥ മനസ്സിലാക്കൽ. പതിനൊന്നാം ഓവർ മുതൽ സ്വാതന്ത്ര്യമെടുത്തു തുടങ്ങും. മുപ്പതാം ഓവർ വരെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്ന ഘട്ടമാണ്. പല ഘടകങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതുണ്ട്. മുപ്പത്തഞ്ചാം ഓവർ വരെ സുഗമമായി ഞാൻ മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ പിന്നീട് എന്നെ പിടിച്ചാൽ കിട്ടുക പ്രയാസമായിരിക്കും. പക്ഷെ അത് എപ്പോഴും സംഭവിക്കില്ല. പക്ഷെ ഇങ്ങനെയാണ് മാനസികമായി എന്റെ ഒരുക്കം. അന്ത്യം വെടിക്കെട്ടോടെയാവുമെങ്കിൽ തുടക്കത്തെക്കുറിച്ച് ആശങ്കയേയില്ല. 

? സ്വന്തം കളി വീണ്ടും കാണാറുണ്ടോ

= പലപ്പോഴും എന്റെ വലിയ ഇന്നിംഗ്‌സുകൾ വീണ്ടും വീണ്ടും കാണാറുണ്ട്. എങ്ങനെയാണ് ആ ഇന്നിംഗ്‌സുകൾ പടുത്തുയർത്തിയത് എന്നു മനസ്സിലാക്കാൻ. മൊഹാലിയിലെ ഇരട്ട സെഞ്ചുറി ഉദാഹരണം. തന്ത്രപൂർവമാണ് ഞാൻ കളിച്ചത്. ഇന്നിംഗ്‌സിലുടനീളം എന്നെ തടയാനുള്ള ഫീൽഡാണ് എതിരാളികൾ ഒരുക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ സ്വന്തം ബൗളർമാരെ ഉപയോഗിക്കുന്നത് എതിരാളികളുടെ തന്ത്രങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കും. 

? ദക്ഷിണാഫ്രിക്കൻ പര്യടനത്തെക്കുറിച്ച പ്രതീക്ഷകൾ

= ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമായിരിക്കും ദക്ഷിണാഫ്രിക്കയുടേത്. സ്വന്തം ഗ്രൗണ്ടുകളിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളും അപകടകാരികളാണ്. അതിൽ പോലും ദക്ഷിണാഫ്രിക്ക മറ്റൊരു തലത്തിലാണ്. ഒരേ രീതിയിലുളള ആക്രമണമല്ല അവരുടേത്. പലരൂപത്തിലാണ്. 
കഗീസൊ റബാദയും മോർണി മോർക്കലും നീളമുള്ളവരാണ്. അവർക്ക് പിച്ചിലേക്ക് ഊക്കോടെ എറിയാനാവും. സ്‌റ്റെയ്‌നിന്റെ പരിചയസമ്പത്തും പ്രതിഭയും വേറെത്തന്നെയാണ്. വെർണോൻ ഫിലാന്റർ അതീവ അപകടകാരിയാണ്. ഫിലാന്റർ എറിയുന്ന ലെംഗ്തിൽ പന്ത് തൊടാനാവില്ല. വെല്ലുവിളികളിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്ക.

Latest News