സല്‍പ്പേരിന് കളങ്കം, 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎല്‍എയ്‌ക്കെതിരെ കിറ്റെക്‌സ്

കൊച്ചി- അന്ന കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയ്ക്കു വക്കീല്‍ നോട്ടിസ്. കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ലിമിറ്റഡ്, കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നാണു നോട്ടിസ് അയച്ചിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി അന്ന കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിനു കളങ്കമുണ്ടാക്കി എന്നാണ് ആരോപണം. കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന് സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. കിറ്റെക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം ജില്ലയിലെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കി വിടുകയും കുടിവെള്ളം മലിനമാക്കുന്നുമെന്നുമായിരുന്നു പ്രധാന ആരോപണം. തിരുപ്പൂരില്‍നിന്ന് സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ത്തലാക്കിയ കമ്പനികള്‍ കിഴക്കമ്പലത്തു സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും മറ്റു കമ്പനികള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നുവെന്നുമാണ് പി.ടി.തോമസ് ഉയര്‍ത്തിയ വാദങ്ങള്‍.
ഇതിനെതിരെ കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് രംഗത്തു വന്നിരുന്നു. ആരോപണങ്ങള്‍ ഏഴു ദിവസത്തിനകം തെളിയിക്കാനായാല്‍ 50 കോടി രൂപ നല്‍കുമെന്നു വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സമയ പരിധി അവസാനിച്ചിട്ടും മറുപടി നല്‍കാന്‍ തോമസിനു സാധിക്കാത്ത സാഹചര്യത്തിലാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
എംഎല്‍എ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ വിദേശത്തും ഇന്ത്യയിലുമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കളിലും ഓഹരി ഉടമകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയെന്നും ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് വാദം. ചില ഡിജിറ്റല്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കിറ്റെക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.
'ഇന്ത്യയിലും വിദേശത്തുമായി നിരവധി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കിറ്റെക്‌സ് ഇന്ത്യയില്‍ 1980 മുതല്‍ വസ്ത്ര, കിടക്ക വിരി, സ്‌കൂള്‍ ബാഗ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. രാജ്യാന്തര തലത്തിലുള്ള വന്‍കിട ഡിപാര്‍ട്ടുമെന്റ് സ്‌റ്റോറുകളിലേയ്ക്കാണ് കയറ്റുമതി. നവജാത ശിശുക്കള്‍ക്കു വേണ്ടിയുള്ള വസ്ത്രങ്ങള്‍ 100 ശതമാനം ഇറക്കുമതി ചെയ്ത ഓര്‍ഗാനിക് ഡൈ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.
ഇവ പൂര്‍ണമായും അമേരിക്കന്‍ വിപണിയെ ലക്ഷ്യമിട്ടുള്ളതാണ്. വസ്ത്ര നിര്‍മാണത്തിനുള്ള ഡൈകള്‍ പൂര്‍ണമായും ഓര്‍ഗാനിക്കാക്കി മാറ്റിയ ശേഷം സുരക്ഷിതമായാണ് സംസ്‌കരിക്കുന്നത്. ബാക്കിയാകുന്ന വെള്ളം കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്' കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു.
50 കോടി രൂപ വേണ്ടെന്നും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ടി.തോമസ് പ്രതികരിച്ചിരുന്നു. ജീവന്റെയും കുടിവെള്ളത്തിന്റെ പ്രശ്‌നമാണെന്നും അതിനെ 50 കോടി രൂപയുടെ വലുപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 13 വര്‍ഷം കഴിഞ്ഞിട്ടും കമ്പനി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും കടമ്പ്രയാര്‍ നദി മലിനപ്പെട്ടുവെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 

Latest News