ലോകകപ്പ് ഫുട്‌ബോളാണ് പുതിയ വർഷത്തെ ഏറ്റവും ജനപ്രിയ കായിക മാമാങ്കം. റഷ്യയിൽ ലോകകപ്പിനുള്ള ഒരുക്കങ്ങൾ സൂപ്പർ വേഗത്തിൽ പുരോഗമിക്കുന്നു. ലോകകപ്പിന്റെ ചരിത്രത്തെ കുറിച്ച പുതിയ പരമ്പര
ഉറുഗ്വായ് ജൂലൈ 13-30, 1930
1928 വരെ ഒളിംപിക്‌സായിരുന്നു ഫുട്‌ബോളിന്റെ ലോകകപ്പ്. ഫിഫയും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും തമ്മിലുള്ള തർക്കം കാരണം 1932 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിൽനിന്ന് ഫുട്‌ബോളിനെ ഒഴിവാക്കിയത് ലോകകപ്പ് ആരംഭിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഫുട്‌ബോൾ എന്ന കളി ലോകത്തിനു സമ്മാനിച്ചത് ഇംഗ്ലണ്ടാണെങ്കിലും ഫുട്‌ബോളിന്റെ ഏറ്റവും വലിയ ടൂർണമെന്റ് വേണമെന്ന ആശയം വന്നത് ഫ്രാൻസിൽ നിന്നായിരുന്നു. 1904 ൽ ഫിഫ രൂപം കൊണ്ടത് ഫ്രാൻസിലാണ്. ഫ്രഞ്ചുകാരനായ പ്രസിഡന്റ് യൂൾസ്‌റിമെയാണ് ലോകത്തെ മികച്ച ടീമിനെ കണ്ടെത്താൻ ടൂർണമെന്റ് വേണമെന്ന് നിർദേശിച്ചത്. 1929 ൽ അത് വോട്ടിനിട്ട് അനുകൂല തീരുമാനമെടുത്തു.
ആദ്യ ലോകകപ്പ് നടത്താൻ ഇറ്റലിയും സ്വീഡനും നെതർലാന്റ്‌സും സ്‌പെയിനും ഉറുഗ്വായ്‌യും രംഗത്തുവന്നു. മൂന്നു കാരണങ്ങൾ കൊണ്ടാണ് ഉറുഗ്വായ് തെരഞ്ഞെടുക്കപ്പെട്ടത്. 1928 ലെ ഒളിംപിക്‌സ് ചാമ്പ്യന്മാരെന്ന നിലയിൽ ഉറുഗ്വായ്‌യായിരുന്നു നിലവിലെ ലോക ജേതാക്കൾ, 1930 ഉറുഗ്വായ്‌യുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമാണ്. പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും ചെലവ് വഹിക്കാൻ അവർ തയാറായിരുന്നു.
13 ടീമുകളാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്തത്. അതിൽ ഒമ്പതും അമേരിക്കൻ വൻകരയിൽ നിന്നായിരുന്നു. ദൂരവും കളിക്കാർക്ക് ദീർഘകാലം ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലും മറ്റു മേഖലയിൽനിന്ന് ആരും മുന്നോട്ടുവന്നില്ല. ടൂർണമെന്റിന് എട്ടാഴ്ച മുമ്പു വരെ ഒരു യൂറോപ്യൻ ടീമും പങ്കെടുക്കാൻ തയാറായില്ല. ഫിഫ പ്രസിഡന്റ് യൂൾറിമെ ഇടപെട്ടതിനാൽ ബെൽജിയവും ഫ്രാൻസും റുമാനിയയും യൂഗോസ്ലാവ്യയും അവസാന നിമിഷം പങ്കെടുക്കാൻ തയാറായി. റുമാനിയൻ ടീം കാരൾ രാജാവിന്റെ കളിക്കൂട്ടമായിരുന്നു. അദ്ദേഹമാണ് ടീമിനെ തട്ടിക്കൂട്ടിയതും യാത്രാ ചെലവ് വഹിച്ചതുമെല്ലാം. എന്നാൽ യൂഗോസ്ലാവ്യ ഒഴികെ യൂറോപ്യൻ ടീമുകൾ ആദ്യ റൗണ്ട് കടന്നില്ല.
യോഗ്യതാ ടൂർണമെന്റ് ഇല്ലാതിരുന്ന ഏക ലോകകപ്പായിരുന്നു 1930 ലേത്. എല്ലാ കളികളും തലസ്ഥാനമായ മോണ്ടിവിഡിയോയിലായിരുന്നു. നാലു ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായി അർജന്റീനയും ഉറുഗ്വായ്‌യും അമേരിക്കയും യൂഗോസ്ലാവ്യയും സെമിയിലെത്തി. ഇംഗ്ലണ്ടിലെയും സ്‌കോട്‌ലന്റിലെയും പ്രവാസികളെ ചേർത്ത് തട്ടിക്കൂട്ടിയ ടീമായിരുന്നു അമേരിക്ക. അർജന്റീന അമേരിക്കയെയും ഉറുഗ്വായ് യൂഗോസ്ലാവ്യയെയും 6-1 ന് സെമിയിൽ തകർത്തു. അയൽക്കാരായ അർജന്റീനയും ഉറുഗ്വായ്‌യും തമ്മിലുള്ള ഫൈനൽ 93,000 ലേറെ പേർ വീക്ഷിച്ചു. 4-2 ജയത്തോടെ ഉറുഗ്വായ് പ്രഥമ ലോക ചാമ്പ്യന്മാരായി.
ലോകകപ്പിനായി പണികഴിപ്പിച്ച എസ്റ്റാഡിയൊ സെന്റിനേരിയൊ സ്റ്റേഡിയം ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂർത്തിയായിരുന്നില്ല. അതിനാൽ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ ഇറങ്ങിയില്ല. ഒരേസമയം രണ്ടു കളികളോടെയാണ് ലോകകപ്പിന് തിരശ്ശീല ഉയർന്നത്. ഫ്രാൻസ് 4-1 ന് മെക്‌സിക്കോയെയും അമേരിക്ക 3-0 ന് ബെൽജിയത്തെയും തോൽപിച്ചു. ഫ്രാൻസിന്റെ ലൂഷ്യൻ ലോറന്റാണ് ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. കനത്ത മഞ്ഞിലായിരുന്നു ആ മത്സരം.
മെക്‌സിക്കോക്കെതിരായ അർജന്റീനയുടെ രണ്ടാമത്തെ കളിയിലാണ് ആദ്യ പെനാൽട്ടി പിറന്നത്. യഥാർഥത്തിൽ അഞ്ച് പെനാൽട്ടികളുണ്ടായിരുന്നു ആ കളിയിൽ, അതിൽ മൂന്നും വിവാദമായി. അർജന്റീനയുടെ ഗ്വിയർമൊ സ്റ്റബൈൽ രാജ്യത്തിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് നേടി. യൂനിവേഴ്‌സിറ്റി പരീക്ഷയുണ്ടായിരുന്നതിനാൽ മാന്വേൽ ഫെരേരക്ക് പിന്മാറേണ്ടി വന്നതിനാൽ മാത്രമാണ് സ്റ്റബൈലിന് കളിക്കാൻ അവസരം കിട്ടിയത്.
അർജന്റീനക്കെതിരായ ഫ്രാൻസിന്റെ മത്സരത്തിൽ റഫറി ആറ് മിനിറ്റ് മുമ്പ് ഫൈനൽ വിസിൽ മുഴക്കിയത് മറ്റൊരു തർക്കമായി. പകരക്കാരെ ഇറക്കുന്ന പതിവില്ലാതിരുന്ന അക്കാലത്ത് രണ്ട് കളിക്കാർക്ക് പരിക്കേറ്റിട്ടും 81 ാം മിനിറ്റ് വരെ പിടിച്ചുനിന്ന ശേഷമാണ് ഫ്രാൻസ് ഗോൾ വഴങ്ങിയത്. ഗോൾ മടക്കുമെന്നു തോന്നിച്ച നീക്കത്തിനിടയിലായിരുന്നു ഫൈനൽ വിസിൽ. അര മണിക്കൂർ നീണ്ട പ്രതിഷേധത്തെത്തുടർന്ന് ആറ് മിനിറ്റ് കളി വീണ്ടും നടത്തിയെങ്കിലും ഫ്രാൻസ് തോറ്റു.
റുമാനിയ-പെറു മത്സരം കാണാൻ മുന്നൂറോളം പേർ മാത്രാണ് ഉണ്ടായിരുന്നത്, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറച്ച് കാണികൾ. ഈ മത്സരത്തിലാണ് ആദ്യമായി ഒരു കളിക്കാരൻ പുറത്താക്കപ്പെട്ടത്, പെറുവിന്റെ പ്ലാസിഡൊ ഗലീൻഡൊ. പലതവണ ലഹള അരങ്ങേറിയ ആ കളിയിൽ അവസാനത്തേതിൽ കളിക്കാരെ പിന്തിരിപ്പിക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. അമേരിക്ക-പാരഗ്വായ് മത്സരം ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് സാക്ഷിയായി. അമേരിക്കയുടെ ബെർട് പെറ്റനോഡാണ് ടീമിന്റെ മൂന്നു ഗോളുമടിച്ചത്.
1928 ലെ ഒളിംപിക്‌സ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഫൈനൽ. കളി കാണാൻ അർജന്റീനയിൽനിന്ന് നൂറുകണക്കിനാളുകൾ ബോട്ടുകളിൽ മോണ്ടിവിഡിയോയിലെത്തി. തുറമുഖത്തെ തിരക്കു കാരണം കിക്കോഫ് സമയത്ത് പലർക്കും മോണ്ടിവിഡിയോയിൽ ഇറങ്ങാൻപോലും സാധിച്ചില്ല. സംഘർഷാവസ്ഥയിലാണ് ഫൈനൽ തുടങ്ങിയത്.
ഏത് ടീം കൊണ്ടുവന്ന പന്ത് ഉപയോഗിക്കുമെന്നത് വലിയ തർക്കമായി. ഓരോ പകുതിയിലും ഓരോ പന്ത് ഉപയോഗിക്കാമെന്ന് തീരുമാനമായി. അനിഷ്ട സംഭവമുണ്ടായാൽ രക്ഷപ്പെടാനായി ബോട്ട് തയാറാക്കി നിർത്തണമെന്ന നിബന്ധനയിലാണ് ബെൽജിയംകാരനായ ജീൻ ലാൻഗനസ് കളി നിയന്ത്രിക്കാൻ തയാറായത്. 4-2 ന് ഉറുഗ്വായ് ജയിച്ചു. പിറ്റേ ദിവസം അർജന്റീനയിലെ ഉറുഗ്വായ് കോൺസുലേറ്റ് ആക്രമിക്കപ്പെട്ടു.
ലൂസേഴ്‌സ് ഫൈനൽ നടന്നിരുന്നുവോയെന്നും ആര് ജയിച്ചുവെന്നതും ഇപ്പോഴും തർക്കമാണ്. 1984 ലെ ഫിഫ ബുള്ളറ്റിനിൽ അമേരിക്കക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ യൂഗോസ്ലാവ്യ 3-1 ന് ജയിച്ചുവെന്നു പറയുന്നു. മറ്റുചില രേഖകളനുസരിച്ച് സെമിയിലെ റഫറിയിംഗിൽ പ്രതിഷേധിച്ച് യൂഗോസ്ലാവ്യ ലൂസേഴ്‌സ് ഫൈനൽ കളിക്കാൻ വിസമ്മതിച്ചു. 1986 ൽ ഫിഫ ഇറക്കിയ ലഘുപുസ്തകത്തിൽ അമേരിക്കക്ക് മൂന്നാം സ്ഥാനവും യൂഗോസ്ലാവ്യക്ക് നാലാം സ്ഥാനവുമാണ് നൽകിയിരിക്കുന്നത്. അർജന്റീനയുടെ ഫോർവേഡ് ഫ്രാൻസിസ്‌കൊ വറായൊ 2010 ഓഗസ്റ്റിൽ മരണപ്പെട്ടതോടെ ആ ലോകകപ്പിൽ കളിച്ച എല്ലാവരും കാലത്തിന്റെ യവനികക്കപ്പുറത്തേക്ക് മറഞ്ഞു കഴിഞ്ഞു.
1928 ലെ ഒൡപിക്‌സ് ഫൈനലിലും ഇതേ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്നും ഉറുഗ്വായ് 2-1 ന് ജയിച്ചു.






