കുവൈത്ത് സിറ്റി - ബജറ്റ് പാസാക്കാൻ ചേർന്ന യോഗത്തിനിടെ കുവൈത്ത് പാർലമെന്റിൽ എം.പിമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സുരക്ഷാ സൈനികർ ഇടപെട്ടാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ പിടിച്ചുമാറ്റിയത്. ബജറ്റ് അവതരണത്തിൽ വോട്ടെടുപ്പ് പൂർത്തിയായ ഉടനെയാണ് സർക്കാർ അനുകൂലികളും പ്രതിപക്ഷ എം.പിമാരും ഏറ്റുമുട്ടിയത്. യോഗത്തിൽ പങ്കെടുത്ത 63 എം.പിമാരിൽ 32 പേർ ബജറ്റിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
പാർലമെന്റിൽ മന്ത്രിമാർക്കു നീക്കിവെച്ച സീറ്റുകൾ പ്രതിപക്ഷ എം.പിമാർ കൈയേറിയിട്ടും പാർലമെന്റ് യോഗം നടന്നു. പ്രധാനമന്ത്രിയെ പാർലമെന്റിൽ കുറ്റവിചാരണ ചെയ്യണമെന്ന തങ്ങളുടെ ആവശ്യത്തിലേക്ക് വെളിച്ചം വീശാൻ ശ്രമിച്ച് കഴിഞ്ഞ ആഴ്ചകളിലും പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ മന്ത്രിമാരുടെ സീറ്റുകൾ കൈയടക്കിയിരുന്നു. സംഘർഷത്തെ തുടർന്ന് ബജറ്റ് വിശകലനം ചെയ്യുന്നതിന് പ്രത്യേക പാർലമെന്റ് യോഗം ചേരണമെന്ന് സ്പീക്കർ മർസൂഖ് അൽഗാനിം ആവശ്യപ്പെട്ടു. സാധാരണ യോഗങ്ങളെല്ലാം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രത്യേക യോഗം ചേരുന്നതിന് ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും സ്പീക്കർ പറഞ്ഞു.
തങ്ങളുടെ സീറ്റുകൾ എം.പിമാർ കൈയടക്കിയതിനെ തുടർന്ന് മന്ത്രിമാർ പാർലമെന്റ് കവാടത്തിനു മുന്നിൽ നിൽക്കുകയും ബജറ്റ് ചർച്ച തടസ്സപ്പെടുത്താൻ ശ്രമിച്ച് ചില എം.പിമാർ മേശപ്പുറത്ത് അടിക്കുകയും ചെയ്തു. പാർലമെന്റിൽ തന്നെ കുറ്റവിചാരണ ചെയ്യുന്നത് 2022 അവസാനം വരെ നീട്ടിവെക്കുന്ന തീരുമാനം മാർച്ചിൽ പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽസ്വബാഹ് അംഗീകരിച്ചിരുന്നു. ഇതിന്റെ ഭരണഘടനാ സാധുതയിലും അഴിമതി അടക്കമുള്ള മറ്റു പ്രശ്‌നങ്ങളിലും പ്രധാനമന്ത്രിയെ പാർലമെന്റിൽ കുറ്റവിചാരണ ചെയ്യാനാണ് എം.പിമാർ ആഗ്രഹിക്കുന്നത്. ജനുവരിയിൽ ഗവൺമെന്റ് നിർദേശിച്ച 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 23.05 ബില്യൺ ദീനാർ (76.65 ബില്യൺ ഡോളർ) ചെലവും 12.1 ബില്യൺ ദീനാർ കമ്മിയുമാണ് പ്രതീക്ഷിക്കുന്നത്.