കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണ ചുമതല ഐ.ജിക്ക്

തിരുവനന്തപുരം- കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗതാഗത  മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായതിനാല്‍ തന്നെ വിഷയം പുറത്തറിഞ്ഞ ഉടന്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് മന്ത്രി തേടിയിരുന്നു. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ കണ്ടെത്തല്‍ അനുസരിച്ച് കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.

സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കും. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

 

Latest News