മക്കയിലെ പ്രവാസിയുടെ മരണം, ഉള്ളുനീറി ഒരു കുറിപ്പ് 

ജിദ്ദ-മക്കയിൽ ഉച്ചയുറക്കത്തിനിടെ മരിച്ച പ്രവാസി യുവാവിനെ പറ്റി കെ.എം.സി.സി നേതാവും സാമൂഹ്യപ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂരിന്റെ കുറിപ്പ്. മരണത്തിലും തനിച്ചായി പോകുന്ന പ്രവാസിയുടെ സങ്കടങ്ങൾ കോറിയിടുന്ന കുറിപ്പാണ് മുജീബ് പൂക്കോട്ടൂർ പങ്കുവെച്ചത്. ജീവിതത്തിൽനിന്ന് മരണത്തിലേക്ക് പോകുന്ന സമയത്ത് സുഹൃത്തുക്കളെ വിളിച്ച് സങ്കടം പങ്കിട്ടതിന്റെ വേദനയും കുറിപ്പിലുണ്ട്.
കുറിപ്പ് വായിക്കാം:

കൊടിഞ്ഞി സ്വദേശി മുനീറിന് ജന്നത്തുൽമുഅല്ലയിൽ അന്ത്യവിശ്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലേ റുസൈഫയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയസ്തഭനംമൂലം മരണപ്പെട്ട കൊടിഞി കൊറ്റത്തങ്ങാടി സ്വദ്ദേശി കൊന്നക്കൽ മുനീറിന്റെ മയ്യിത്ത് ഞായറാഴ്ച വിശുദ്ധഹറമിൽ മയ്യിത്ത് നമസ്‌ക്കരിച്ച് ജന്നത്തുൽ മുഅല്ലയിൽ ബ്ലോക്ക് നമ്പർ 312 ൽ 224 മത്തേ ഖബറിൽ മറമാടി. മക്കയിലേ റുസൈഫയിൽ ഹൗസ് െ്രെഡവർ ആയി ജോലി ചെയ്യുകയായിരുന്നു മുനീർ. വെള്ളിയാഴ്ച ജുമുഅക്ക്‌ശേഷം സുഹൃത്തുക്കൾക്ക് ഒപ്പം ബിരിയാണി കഴിച്ച് നാട്ടിലേ ഒരു പാട്കാര്യങ്ങൾ വിശദമായി സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. മുനീർ ജോലിചെയ്യുന്ന വീടിന്റെ അടുത്തുള്ള വീടുകളിൽ ഹൗസ് െ്രെഡവർമാരായി ജോലി ചെയ്യുന്നവർ സ്വന്തം റൂമുകളിലേക്ക് പോയി. അവർ റൂമിൽ എത്തി വിശ്രമത്തിലായിരുന്നു. കുറച്ച് സമയത്തിന് ശേഷം മുനീറിന്റെ മൊബൈലിൽ നിന്നു ഒരുകോൾ. എനിക്ക് ശ്വാസം കിട്ടുന്നില്ല, പെട്ടെന്ന് വാ, എന്നെ എതെങ്കിലും ഒരു ഹോസ്പിറ്റലിൽ എത്തിക്ക്, എനിക്ക് തീരേ വയ്യ, സുഹൃത്ത് ഫോൺ കട്ടാക്കി മറ്റൊരു സുഹൃത്തിനേയും വിളിച്ചു മുനീറിന്റെ റൂമിന് അടുത്തേക്ക് ഓടി.  മുറിക്ക് അടുത്ത് എത്തിയപ്പോൾ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല .. സ്‌പോൺസർ കുടുംബസമേതം 15 ദിവസത്തെ അവധിയിൽ ദമാമിലേക്ക് പോയതിനാൽ ബിൽഡിംഗിന്റെ മെയിൽ വാതിൽ അകത്ത് നിന്ന് മാത്രമേ തുറക്കാനാകൂ. ഈ ബിൽഡിംഗിൽ മുനീറിന്റെ സ്‌പോൺസറും കുടുംബവും വേറേ രണ്ട് ഫാമിലിയും മാത്രമാണ് താമസം. ഉച്ചയൂണിന്റെമയക്കം ആയത് കൊണ്ട് തന്നെ വാതിലിന് ആഞ്ഞുമുട്ടിയിട്ടും ഡോർ ഫോൺ നിരന്തരമായി അടിച്ചിട്ടും മുകളിൽ താമസിക്കുന്നവർ അറിഞ്ഞില്ല. നിരന്തരം അടിച്ചു കൊണ്ടേ ഇരുന്നു. കൈ കാലുകൾ വിറക്കുമ്പോഴും മുനീറിന് ഒന്നും സംഭവിക്കരുതേ എന്ന് സുഹൃത്തുക്കൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇടവിട്ട് ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു.. ഫോൺ എടുക്കാത്തതായപ്പോൾ  ആശങ്കയും കൂടി കൂടി വന്നു. അപ്പോഴെക്കും ഒരു മണിക്കൂർ കടന്നുപോയി. ഞങ്ങളുടെ ബിൽഡിംങ്ങിന് മുന്നിലുള്ള സംസാരവും വാതിലിന് ആഞ്ഞടിക്കുന്നതും കണ്ട് അടുത്ത ബിൽഡിംഗിൽ താമസിക്കുന്ന സ്വദേശി പൗരനും എത്തി. അവസാനം മുകളിൽ താമസിക്കുന്നവർ ഡോർ ഫോൺ എടുത്തു വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഡോർ ലോക്ക് മുകളിൽനിന്നും ബട്ടൺ അമർത്തി തുറക്കുന്നതോടെ ഞങ്ങൾ പാർക്കിങ്ങിലുള്ള റൂമിലേക്ക് ഓടി. മുറിയുടെ വാതിൽ തുറന്ന് വെച്ചിരിക്കുന്നു ഇടത് കൈയ്യിൽ ഫോൺ അമർത്തിപിടിച്ച് കിടക്കുന്ന മുനീറിനെയാണ് കണ്ടത്. തട്ടി വിളിച്ചിട്ടും ഉണരുന്നില്ല. അപ്പോഴെക്കും സ്‌പോൺസറുടെ വലിയ മകൻ വേറേ ബിൽഡിംഗിൽനിന്നും ഓടിയെത്തി..  പോലീസിനും എമർജൻസി ഡോക്ടർ സേവനത്തിനും വിവരം അറിച്ചു. ഡോക്ടർമാർ എത്തി ഒരു മണിക്കൂർ മുൻമ്പ് ഹൃദയസ്തഭനം മൂലം മരണപ്പെട്ടതായി അറിയിച്ചു. മയ്യിത്ത് കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റി. വിവരം കേട്ടത് മുതൽ മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുബം വിശുദ്ധ മക്കയിൽ ഖബറടക്കാനുള്ള അനുമതി പത്രം എനിക്ക് അയച്ചുതന്നു. വിവരം അറിഞ്ഞു സഹോദരൻ അശ്‌റഫ്, മകളുടെ ഭർത്താവ് സലാഹുദീൻ, നാട്ടുകാരും സുഹൃത്തുക്കളും എത്തി. ഖബറടക്കചടങ്ങുകളിൽ പങ്കെടുത്തു. ഈ സംഭവത്തിൽനിന്നും പ്രവാസി സമൂഹത്തിന് വലിയ ഒരു സന്ദേശം ഉണ്ട്. റൂമുകളിൽ ഒറ്റക്ക് താമസിക്കുന്നവർക്ക് പഠിക്കാനും കുറെയുണ്ട്. വിധിയെ തടുക്കാൻ കഴിയില്ല.. എന്നാലും അടിയന്തര ചികിത്സ കിട്ടിയാൽ രക്ഷപ്പെടാനാകും.   

Latest News