കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഒരു ലക്ഷം രുപ സമ്മാനം; മിസോറാം മന്ത്രിയുടെ പ്രഖ്യാപനം

ഐസോള്‍- തന്റെ മണ്ഡലത്തില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കള്‍ക്ക് മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമവിയ റോയ്‌തെ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. ജനസംഖ്യ കുറഞ്ഞ വിവിധ മിസോ ഗോത്രങ്ങളുടെ ജനസംഖ്യാവര്‍ധന പ്രോത്സാഹിപ്പിക്കുന്നതിനാണ് സമ്മാനം. അതേസമയം കുട്ടികുളുടെ എണ്ണത്തെ കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. ഐസോള്‍ ഈസ്റ്റ്-2 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മക്കളുമായി ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ലോ് പിതൃദിനത്തിലാണ് മന്ത്രി പ്രഖ്യാപിച്ചത്. സമ്മാനര്‍ഹര്‍ക്ക് ഒരു ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സമ്മാനത്തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ല നല്‍കുന്നത്. മന്ത്രിയുടെ മകന്‍ നടത്തുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഇത് വഹിക്കുക.

വിവിധ മേഖലകളില്‍ വികസനം കൈവരിക്കാന്‍ ആവശ്യമായ ജനസംഖ്യയേക്കാള്‍ താഴെയാണ് മിസോറാമിലെ കുറഞ്ഞ് വരുന്ന ജനസംഖ്യ. ജനസംഖ്യാ കുറവ് ഗൗരവമേറിയ വിഷയമാണെന്നും മിസോകളെ പോലെ ചെറു സമുദായങ്ങളുടെ നിലനില്‍പ്പും പുരോഗതിയും ഭീഷണിയിലാണെന്നും മന്ത്രി പറഞ്ഞു. 

2011ലെ സെന്‍സസ് പ്രകാരം 10.9 ലക്ഷമാണ് മിസോറാമിലെ ജനസംഖ്യ. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഇവിടെ ജനസാന്ദ്രത.
 

Latest News