തിരുവനന്തപുരം- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തിങ്കളാഴ്ച രാത്രി 12.15ന് ആയിരുന്നു അന്ത്യം. ഖബറടക്കം കുഴിയന്‍കോണം മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഇന്ന് നടക്കും.
നാഥാ നീ വരും കാലൊച്ച.... (ചാമരം), ശരറാന്തര്‍ തിരിതാണു... ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍....(കായലും കയറും), പൂമാനമേ ഒരു രാഗമേഘം താ...(നിറക്കൂട്ട്), മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ...(ദശരഥം) തുടങ്ങി മലയാളം ഹൃദയത്തിലേറ്റിയ നിരവധി ഗാനങ്ങളുടെ ശില്‍പിയാണ് ഖാദര്‍. മൂന്നൂറിലേറെ ചിത്രങ്ങളില്‍ രണ്ടായിരത്തോളം ഗാനങ്ങളെഴുതി. നാടക ഗാനങ്ങളും ലളിത ഗാനങ്ങലും മാപ്പിളപ്പാട്ടുകളും രചിച്ചു. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു. ഭാര്യ ആമിന. മക്കള്‍: തുഷാര, പ്രസൂന.






