ഓഹരി സൂചികകൾ ചരിത്രം തിരുത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ഇന്ത്യൻ മാർക്കറ്റ് തിരുത്തലിന്റെ പാദയിലേയ്ക്ക് തിരിഞ്ഞു. തുടർച്ചയായ റെക്കോർഡുകളുടെ വേലിയേറ്റത്തിൽ വിപണിയുടെ അടിയോഴുക്കിൽ മാറ്റം സംഭരിക്കുന്ന കാര്യം കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവെച്ചുകൊണ്ട് നാലാഴ്ചത്തെ ഇടവേളക്ക് ശേഷം ബോംബെ സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. പുതിയ സാഹചര്യത്തിൽ ഒരു കൺസോളിഡേഷന് നീക്കം നടക്കാമെന്നതിനൊപ്പം ശക്തമായ സാങ്കേതിക തിരുത്തലും പ്രതീക്ഷിക്കാം. ബോംബെ സൂചിക 130 പോയന്റും നിഫ്റ്റി 116 പോയന്റും കഴിഞ്ഞവാരം കുറഞ്ഞു. ബോംബെ സെൻസെക്‌സ് തുടർച്ചയായ രണ്ടാംവാരവും റെക്കോർഡ് മറികടന്നു. 52,474 ൽ ഇടപാടുകൾ ആരംഭിച്ച ബി.എസ്.ഇ 52,641 ലെ മുൻ റെക്കോർഡ് തകർത്ത് 52,869 വരെ സഞ്ചരിച്ച് പുതിയ ചരിത്രംകുറിച്ച ശേഷം 51,601 ലേയ്ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 52,344 പോയന്റിലാണ്. ഈ വാരം 51,673 ലെതാങ്ങ് നിർണായകമാണ്. കുതിപ്പിന് തുനിഞ്ഞാൽ 52,941 ലും 53,540 ലും തടസ്സം നേരിടാം.
നിഫ്റ്റി മുൻവാരത്തിലെ 15,799 ൽ നിന്ന് മികവോടെ ട്രേഡിംഗിന് തുടങ്ങിയ ചൊവ്വാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരമായ 15,901 വരെകയറി. നിഫ്റ്റിക്ക് 15,900 ൽ തടസ്സം നേരിടുമെന്ന കാര്യം കഴിഞ്ഞ ലക്കം സൂചിപ്പിച്ചിരുന്നു. അതേസമയം തിരുത്തലിൽ വിപണിക്ക് സെക്കന്റ് സപ്പോർട്ടായി സൂചിപ്പിച്ച 15,464 ലെതാങ്ങ് തകർത്ത് 15,450 ലേയ്ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 15,683 പോയന്റിലാണ്. ഈ വാരം നിഫ്റ്റി സൂചിക 15,454 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,906 ലേയ്ക്ക് ഉയരാൻ നീക്കം നടത്താം. ഈ ശ്രമ ം വിജയിച്ചാൽ സ്വാഭാവികമായും 16,002 ലും 16,129 ലും പുതിയ തടസ്സങ്ങൾ ഉടലെടുക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 15,226-14,775 റേഞ്ചിലേയ്ക്ക് തളരാം. വരും ദിവസങ്ങളിലും നിഫ്റ്റിയിൽ ചാഞ്ചാട്ട സാധ്യതയുണ്ട്. സാങ്കേതികമായ പുൾബാക്ക് റാലിയിൽ മികച്ച തീരുമാനങ്ങർ സ്വീകരിച്ചാൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്താം.
സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രന്റ് ബുള്ളിഷാണെങ്കിലും 15,472 പോയന്റ് നിർണായകമാണ്. പാരാബോളിക്ക് എസ്.ഏ.ആർ സെല്ലിംഗ് മൂഡിലേയ്ക്ക് തിരിഞ്ഞു. സ്റ്റോക്കാസ്റ്റിക്ക് ആർ.എസ്.ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയ വ തളർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു.
മുൻനിര ഓഹരികളായ എച്ച്.യു.എൽ, ഇൻഫോസിസ്, റ്റി.സി.എസ്, ആർ.ഐ.എൽ തുടങ്ങിയവ മികവ് കാണിച്ചപ്പോൾ ഒ.എൻ.ജി.സി, എസ്. ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി, എം ആന്റ് എം, ഡോ: റെഡീസ്, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു.
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 1061 കോടിരൂപയുടെ ഓഹരികൾ ശേഖരിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 488 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതുവരെ 5848.76 രൂപയുടെ ഓഹരികൾ വിദേശഫണ്ടുകളും 2293.06 കോടിരൂപയുടെ ഓഹരികൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിറ്റു.
ഓഹരി സൂചികയിലെ ചാഞ്ചാട്ടത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിലെ ബാധ്യതകൾ കുറക്കാൻ ഒരു വിഭാഗം വിദേശഓപറേറ്റർമാർ ഉത്സാഹിച്ചതിനാൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം73.23 ൽ നിന്ന് 74.28 ലേയ്ക്ക് ഇടിഞ്ഞശേഷം 74.13 ലാണ്. നിലവിൽ ഏപ്രിൽ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് ഇടിഞ്ഞ വിനിമയമൂല്യം 74.72 ലേയ്ക്ക് തളരാൻ ഇടയുണ്ട്.
യു.എസ് ഫെഡ് റിസർവ് 2023 ൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ വരുത്തുമെന്ന പ്രഖ്യാപനം ഫണ്ടുകളെ മഞ്ഞ ലോഹത്തിൽ വിൽപനക്കാരാക്കി. സ്വർണ വില ട്രോയ് ഔൺസിന് 1875 ഡോളറിൽ നിന്ന് 1763 ലേയ്ക്ക് ഇടിഞ്ഞു. ഒൻപത് മാസത്തിനിടയിൽ ആദ്യമായാണ് ഇത്ര ശക്തമായ പ്രതിവാര തകർച്ചയിൽ സ്വർണം അകപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ നാലാം വാരത്തിലും ശക്തമായ നിലയിലാണ് ക്രൂഡ് ഓയിൽ. ന്യൂയോർക്കിൽ എണ്ണ വില പിന്നിട്ടവാരം ഒരുശതമാനം ഉയർന്ന് 73.23 ഡോളറായി. വർഷത്തിന്റെ രണ്ടാം പകുതിയിൽ ആഗോള ഡിമാന്റ് ഉയരുമെന്ന വിലയിരുത്തലുകൾ ക്രൂഡ് ഓയിലിനെ വീണ്ടും ബാരലിന് 82 ഡോളറിന് മുകളിൽ എത്തിക്കാം. എണ്ണവില ഈ വർഷം ഇതിനകം താഴ്ന്ന നിലവാരത്തിൽ നിന്ന് 50 ശതമാനം മുന്നേറി. ക്രൂഡ് ഓയിലിന് ആഗോള പ്രതിദിന ഡിമാന്റ് 97 മില്യൻ ബാരലിലേയ്ക്ക് ഉയരുകയാണ്.