Sorry, you need to enable JavaScript to visit this website.

ശോഭ കെടുത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്- മുഖ്യമന്ത്രി

തിരുവനന്തപുരം- സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന ന്യൂനപക്ഷം ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസും വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

കഴിഞ്ഞ തവണ അധികാരത്തില്‍ വരുമ്പോള്‍ സിവില്‍ സര്‍വീസിനെ ചൂഴ്ന്നു നിന്നിരുന്ന അഴിമതി അടക്കമുളള അനഭിലഷണീയ പ്രവണതകള്‍ ഇല്ലാതാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അത് വലിയ അളവോളം നിറവേറ്റാനായി. എന്നാല്‍ ചെറിയ ന്യൂപക്ഷം ഇപ്പോഴും സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതയുണ്ട്. ചിലര്‍ക്ക് എന്തുവന്നാലും മാറിലെന്ന മനോഭാവമുണ്ട്. അഴിമതി എന്നത് അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ല. ചിലര്‍ നേരിട്ട് കൈക്കൂലിയോ പാരിതോഷികമോ ഒന്നും കൈപ്പറ്റുന്നുണ്ടാവില്ല. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതിന്, അത് അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിന് മൂകസാക്ഷികളായിനിന്നുവെന്നു വരും ഇത് അഴിമതിയുടെ ഗണത്തിലാണ് പെടുക- മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഫണ്ട്  നിര്‍ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ചില ഓഫീസുകള്‍ ഏജന്റ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നും അത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News