പ്ലസ് വണ്‍ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു.

നിലപാട് അറിയിക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആവശ്യപ്പെട്ടു. കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹരജികളിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

 

 

Latest News