കുഴലില്‍പെട്ട് നട്ടം തിരിയുന്ന ബി.ജെ.പിക്ക് അനുഗ്രഹമായി പുതിയ വിഷയം. ഇത്തവണ സിനിമാ മേഖലയെയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ പിടികൂടിയിരിക്കുന്നത്. ഗള്‍ഫില്‍നിന്ന് നടന്‍ സായി കുമാറിനെ നാട്ടിലെത്തിക്കാന്‍ ദാവൂദിന്റെ സഹായം തേടിയെന്ന സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തലില്‍ അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടു.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്നു പറഞ്ഞിരിക്കുന്നതെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
1993 ലാണ് മുംബൈ സീരിയല്‍ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്‌ലര്‍ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 - 96 സമയം, ദാവൂദ് ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങള്‍പോലും ഡി കമ്പനിയുമായി സംസാരിക്കാന്‍ ഭയന്ന കാലം. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടന്‍ സായികുമാറിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകന്‍ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്റ് സ്റ്റയിലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവെക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.