കൊല്ലം- യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് മുന്‍പ് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിസ്മയ ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാര്‍ അറിഞ്ഞത് മരണവാര്‍ത്തയാണ്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നു മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് കിരണ്‍ കുമാര്‍. 2020 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം
ബന്ധുക്കളുടെ പരാതിയെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മീഷന് കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.






