Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് 45,000 ഹജ്‌ സീറ്റ്; യുക്തി ആരാഞ്ഞ് സുപ്രീം കോടതി

ഹജ് നയത്തിന് സ്റ്റേ ഇല്ല

ഒറ്റ നറുക്കെടുപ്പ് നിര്‍ദേശത്തില്‍
കേന്ദ്രത്തിന്റെ മറുപടി  തേടി

ന്യൂദല്‍ഹി- ദേശീയ ഹജ് നയം സ്‌റ്റേ ചെയ്യണമെന്ന കേരള ഹജ് കമ്മിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹജ് യാത്രക്കുള്ള അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട്ട് പോകാനും കേന്ദ്ര ഹജ് കമ്മിറ്റിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കി.
വിവേചനം ഒഴിവാക്കാനായി അഖിലേന്ത്യാ തലത്തില്‍ ഒറ്റ നറുക്കെടുപ്പ് നടത്തണമെന്ന സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. അതേസമയം, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇത്രയധികം ക്വാട്ട അനുവദിക്കുന്നതിലെ യുക്തി എന്താണെന്നും കോടതി ആരാഞ്ഞു. 30- ന് കേസ് വീണ്ടും പരിഗണിക്കും.

1.70 ലക്ഷം സീറ്റുകളാണ് ഇത്തവണ ഇന്ത്യക്ക് ലഭിച്ച ഹജ് ക്വാട്ട. ഇതില്‍ 1.25 ലക്ഷം ഹജ് കമ്മിറ്റിക്കും 45000 സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുമാണ് നല്‍കിയത്. കണക്കുകള്‍ പരിശോധിച്ച കോടതി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇത്രയും സീറ്റുകള്‍ നല്‍കുന്നതിലെ യുക്തി എന്താണെന്ന് ചോദിച്ചു.

സംസ്ഥാനങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഹജ് ക്വാട്ട അനുവദിക്കുന്നത് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തെ ബാധിക്കുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷനും ഹാരീസ് ബീരാനും വാദിച്ചു. 6000 അപേക്ഷകരുള്ള ബീഹാറിന് 12000 സീറ്റും 90000 അപേക്ഷകരുള്ള കേരളത്തിന് 6300 സീറ്റുമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭിക്കുക. നിലവിലെ നയം പിന്തുടര്‍ന്നാല്‍ കേരളത്തിലെ 15 അപേക്ഷകരില്‍ ഒരാള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. അതിനാല്‍ വിവേചനപരമായ ഇത്തരം വ്യവസ്ഥകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ ഹജ് നയം സ്‌റ്റേ ചെയ്യണമെന്നും അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍, അധികമായി വരുന്ന ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വിഭജിച്ച് നല്‍കുന്ന സംവിധാനം നിലവിലുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാജ്യത്തെ മുഴുവന്‍ ഹജ് കമ്മിറ്റികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നയം രൂപീകരിച്ചതെന്നും ഒരു സംസ്ഥാനത്തിന്റെ മാത്രം ഹരജി പരിഗണിച്ച് സ്‌റ്റേ അനുവദിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു.
ഈ ഘട്ടത്തിലാണ് വിവേചനം ഒഴിവാക്കാന്‍ അഖിലേന്ത്യാ തലത്തില്‍ ഒറ്റ നറുക്കെടുപ്പ് എന്ന നിര്‍ദ്ദേശം സംസ്ഥാന ഹജ് കമ്മിറ്റി മുന്നോട്ടുവെച്ചത്. നിലവില്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് ഹജ് അപേക്ഷകളുടെ നറുക്കെടുപ്പ് നടത്തുന്നത്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചത്.

 

Latest News