മനാമ- ബഹ്റൈനില്‍ പുറംജോലിക്കാര്‍ക്കുള്ള മധ്യാഹ്ന വിശ്രമം ജൂലൈ ഒന്നിന് ആരംഭിക്കും. 12 മുതല്‍ വൈകിട്ട് 4 വരെയുള്ള നിരോധം ഓഗസ്റ്റ് അവസാനം വരെയാണ്. നിയമം പ്രാവര്‍ത്തികമാക്കുന്നതിന് തൊഴില്‍- സാമൂഹിക മന്ത്രാലയം നടപടികള്‍ പൂര്‍ത്തിയാക്കി.
മുന്‍കാലങ്ങളില്‍ ഈ നിയമവുമായി സ്വകാര്യമേഖല നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ടെന്ന് തൊഴില്‍-സാമൂഹിക മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. നിയമം ലംഘിച്ചാല്‍ 3 മാസംവരെ തടവും 500മുതല്‍ 1000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം, സൂര്യാതപം ഏല്‍ക്കുന്നത് ഒഴിവാക്കല്‍, താപനില കൂടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉച്ചവിശ്രമം പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. സ്വകാര്യസ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് അവബോധം നല്‍കണം.