കളിക്കുന്ന കാലത്ത് കൈവിട്ടതെല്ലാം കോച്ചെന്ന നിലയിൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റോബർടൊ മാഞ്ചീനി. ഇറ്റാലിയൻ ഫുട്‌ബോളിന്റെ ഉയിർത്തെഴുന്നേൽപിന് നേതൃത്വം കൊടുക്കുകയാണ് അദ്ദേഹം
സമ്പന്നമായ ഫുട്‌ബോൾ ചരിത്രമുള്ള രാജ്യമാണ് ഇറ്റലി. 2018 ലെ ലോകകപ്പിൽ സ്ഥാനം ലഭിക്കാതിരുന്നത് ഇറ്റലിക്ക് അഭിമാന പ്രശ്‌നമായിരുന്നു. ഇറ്റലിയെ പഴയ പ്രതാപത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റോബർടൊ മാഞ്ചീനിയെ പരിശീലകനായി കൊണ്ടുവന്നത്. തിരിച്ചുവരവ് അതിവേഗമായിരുന്നു. വിക്ടോറിയൊ പോസോയുടെ പരിശീലന കാലത്തെ റെക്കോർഡിനോടടുക്കുകയാണ് അസൂറികൾ. അവസാന പത്തു കളികളും ഇറ്റലി ജയിച്ചു, യൂറോ കപ്പിന്റെ നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി. 31-0 ആണ് ഈ മത്സരങ്ങളിലെ ഗോൾ നില.
മാഞ്ചീനി ലോകകപ്പിൽ കളിച്ചിട്ടില്ല. വലിയ കളിക്കാരനല്ലാത്തതിനായിരുന്നില്ല ഇത്. ലാസിയോയിലും സാംദോറിയയിലും മാഞ്ചീനിയെ പരിശീലിപ്പിച്ച സ്വെൻ ഗൊരാൻ എറിക്‌സൻ ഈ താരത്തെ വാഴ്ത്തിയത് കളിക്കളത്തിലെ കലാകാരനെന്നും ജീനിയസെന്നുമാണ്. നിർഭാഗ്യങ്ങളുടെ തുടർക്കഥയായിരുന്നു മാഞ്ചീനിയുടെ പ്ലേയിംഗ് കരിയർ.
ഇറ്റലിയുടെ പരിശീലക സ്ഥാനം കിട്ടിയത് നഷ്ടാവസരം തിരിച്ചുകിട്ടിയതു പോലെയാണ് അമ്പത്താറുകാരൻ സ്വീകരിച്ചത്. ആറു പതിറ്റാണ്ടിനിടയിലാദ്യമായി ലോകകപ്പ് ബെർത്ത് നഷ്ടപ്പെട്ട ടീമിനെ അടിമുടി മാറ്റി ഈ കലാകാരൻ. പ്രതിരോധം സർവസ്വമായി കണ്ട ടീം ആക്രമണത്തിന്റെ അഴകാണ് സൃഷ്ടിച്ചത്. മാഞ്ചീനി ഫിഫ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ നിന്ന്....
ചോ: ഇറ്റലി അഞ്ചു വർഷത്തേക്കാണ് താങ്കളുടെ കരാർ നീട്ടിയിരിക്കുന്നത്. ലോക ഫുട്‌ബോൾ ഇത് കേട്ടുകേൾവിയില്ലാത്തതാണ്?
ഉ: ലോകകപ്പ് സ്വന്തമാക്കാനുള്ള കൂട്ടായ യത്‌നത്തിലാണ് നാം. അതിനാലാണ് ഇത്ര ദീർഘമായ കരാർ. മൂന്നു വർഷം മുമ്പ് തുടങ്ങിയ യാത്രയാണ് ഇത്. അന്നത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ലക്ഷ്യത്തിലേക്ക് സുഗമമായ പ്രയാണത്തിലാണ് ടീം. കഴിവുള്ള യുവ കളിക്കാർക്കാണ് അതിന്റെ ക്രെഡിറ്റ്. വരും വർഷങ്ങളും വിജയങ്ങളുടേതാവുമെന്നാണ് പ്രതീക്ഷ.
ചോ: കളിക്കാരനായിരുന്ന കാലത്ത് ഇറ്റലിയെ പരിശീലിപ്പിക്കണമെന്ന് മോഹിച്ചിരുന്നുവോ?
ഉ: തീർച്ചയായും. കൗമാര കാലത്താണ് ഞാൻ ഇറ്റലിക്കു കളിച്ചു തുടങ്ങിയത്. കരുത്തുറ്റ ടീമായിരുന്നു ഞാൻ പ്രതിനിധീകരിച്ചതിലേറെയും. എങ്കിലും ഭാഗ്യം കൂടെയുണ്ടായിരുന്നില്ല. 1990 ലെ ലോകകപ്പിൽ ഉടനീളം ഒരു കളി പോലും ഇറ്റലി തോറ്റില്ല. ആറ് ജയവും ഒരു സമനിലയുമായിരുന്നു. എന്നിട്ടും ടീം മൂന്നാം സ്ഥാനത്തായി. കഷ്ടം തന്നെ. ആ നഷ്ടാവസരങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്യണമെന്നാണ് ആഗ്രഹം.
ചോ: 1990 ലെ ആ ലോകകപ്പിലുടനീളം താങ്കൾ റിസർവ് ബെഞ്ചിലായിരുന്നു. ഒരിക്കലും ലോകകപ്പിൽ അവസരം ലഭിച്ചില്ല. കോച്ചെന്ന നിലയിൽ ആ തലവര തിരുത്തുമോ?
ഉ: വളരെ ചെറുപ്രായത്തിൽ ഇന്റർനാഷനൽ കരിയർ ആരംഭിച്ച എനിക്ക് നാലു ലോകകപ്പിൽ കളിക്കാമായിരുന്നു, നാല് യൂറോ കപ്പിലും. പല കാരണങ്ങളാൽ അവസരം ലഭിച്ചില്ല. അണ്ടർ-16 തലത്തിൽ ഒരു യൂറോ കപ്പ് നേടിയതാണ് ഏക അംഗീകാരം. നഷ്ടപ്പെട്ടതെല്ലാം കോച്ചെന്ന നിലയിൽ തിരിച്ചുപിടിക്കാനാവണമെന്നാണ് ആഗ്രഹം.
ചോ: കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും താങ്കളുടെ മഹിമയെക്കുറിച്ച് ഈയിടെ പഴയ കോച്ച് സ്വെൻ ഗൊരാൻ എറിക്‌സൻ സംസാരിച്ചു, താങ്കളുടെ തീവ്രമായ അഭിലാഷങ്ങളെക്കുറിച്ചും.
ഉ: അത്തരം പ്രതിഭയും ടെക്‌നിക്കലായ കഴിവും അടങ്ങാത്ത അഭിലാഷവുമുള്ള കളിക്കാരെ കണ്ടെത്തണമെന്നാണ് എന്റെയും ആഗ്രഹം. സ്വെൻ എന്റെ ഗുരുവായിരുന്നു. പല കാര്യങ്ങളും എന്നെ പഠിപ്പിച്ച അധ്യാപകൻ. വലിയ മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്ദി.
ചോ: ഫുട്‌ബോൾ ഭ്രമം അതിരു വിടുന്ന രാജ്യമാണ് ഇറ്റലി. എങ്ങനെയാണ് സമ്മർദം നേരിടുന്നത്?
ഉ: ഇറ്റലിയിലെ ആറു കോടി പേരും കോച്ചുമാരാണ്. അവരുടെ വിലയിരുത്തലുകളിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതോടൊപ്പം ദേശീയ ടീമിന്റെ ഉയർച്ചതാഴ്ചകളിൽ അവർ എത്രമാത്രം താൽപര്യമുള്ളവരാണ് എന്നതിന്റെ സൂചനയുമാണ് അത്, പ്രത്യേകിച്ചും പ്രധാന ടൂർണമെന്റുകളിൽ. ഇറ്റലിക്കാർ ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിക്കുന്നു.
ചോ: കോവിഡ് കാലത്തെ ഫുട്‌ബോൾ അനുഭവം വിവരിക്കാമോ? ഒഴിഞ്ഞ സ്‌റ്റേഡിയങ്ങളും യാത്രാ നിയന്ത്രണങ്ങളും. താങ്കൾ തന്നെ കോവിഡ് ബാധിതനായി.
ഉ: ലോകത്തിലെ എല്ലാവർക്കും കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വ്യക്തിപരമായി എനിക്കും വലിയ വെല്ലുവിളിയായിരുന്നു. ആരും ഇതുപോലൊരു കാലത്തിലൂടെ മുമ്പ് കടന്നുപോയിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരെ പലർക്കും നഷ്ടമായി, സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ടു. സ്‌പോർട്‌സ് രംഗത്തുള്ളവർക്ക് ഈ സാഹചര്യങ്ങളുമായി ഇണങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ.
ചോ: ഈയിടെ ബ്രസീൽ കോച്ച് ടിറ്റെ താങ്കളെ പേരെടുത്ത് പ്രശംസിച്ചു. വിജയങ്ങളുടെ പേരിൽ മാത്രമല്ല, ഇറ്റലിയുടെ ശൈലി തന്നെ അടിമുടി മാറ്റിയതിന്. ഉന്നതനായ ഒരു കോച്ചിൽ നിന്നുള്ള പ്രശംസ വലിയ അംഗീകാരമല്ലേ?
ഉ: ടിറ്റെ വലിയ കോച്ചാണ്, ഏറ്റവും മികച്ച ഫുട്‌ബോൾ കലാകാരന്മാരുടെ നാടിന്റെ പ്രതിനിധിയാണ്. പ്രതിരോധ ശൈലി സ്വീകരിക്കുന്നത് അപമാനമായി കരുതുന്നവരാണ് ബ്രസീലുകാർ. അവർ ഇറ്റലിയെ പേരെടുത്ത് പ്രശംസിക്കുന്നത് സന്തോഷകരമാണ്. അതേസമയം, ഇറ്റലി നാല് ലോകകപ്പും ഒരു യൂറോ കപ്പും നേടിയത് മനോഹരമായ പ്രതിരോധ ശൈലി സ്വീകരിച്ചു തന്നെയാണ്. ഓരോ രാജ്യത്തിനും പരമ്പരാഗതമായ ശൈലിയുണ്ട്. പ്രതിരോധത്തിലെ ഇറ്റലിയുടെ കരുത്ത് ഇപ്പോഴും എടുത്തു പറയേണ്ടതാണ്. നല്ല ടീമാവണമെങ്കിൽ ആക്രമണത്തിലും പ്രതിരോധത്തിലും സന്തുലിതത്വം വേണം.
ചോ: കൂടുതൽ സാഹസികമായി കളിക്കുന്ന ടീമാക്കി മാറ്റാൻ തുടക്കം മുതൽ താങ്കൾ ശ്രദ്ധിച്ചിരുന്നുവോ?
ഉ: പ്രയാസകരമായ ഘട്ടത്തിലാണ് ഞാൻ ചുമതലയേറ്റത്. അതിനാൽ തന്നെ അതുവരെ ശീലിച്ചതിൽ നിന്ന് വലിയ മാറ്റങ്ങൾ അനിവാര്യമായിരുന്നു. കഴിവുറ്റ നിരവധി യുവ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്തത്. വ്യത്യസ്ത ശൈലിയുമായി ഇണങ്ങാൻ കഴിയുന്നവരെയാണ് പരിഗണിച്ചത്. ഇതിനു മുമ്പ് പരിശീലിപ്പിച്ച ടീമുകളിലും ആക്രമണത്തിനാണ് ഞാൻ മുൻഗണന നൽകിയത്. ചിലപ്പോൾ അതിൽ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. ഇത്തവണ നമ്മുടെ ആരാധകർക്ക് ആകർഷകമായ കളി കാഴ്ചവെക്കാനും അവർക്ക് ആഹ്ലാദം പകരാനും സാധിച്ചു.
ചോ: മുൻകാല ടീമുകളിലേതു പോലെ വലിയ സൂപ്പർ താരങ്ങളില്ലാതെയാണ് താങ്കൾ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്?
ഉ: മുൻകാല ഇറ്റാലിയൻ ടീമുകളിൽ ലോകോത്തര കളിക്കാർ നിരവധിയുണ്ടായിരുന്നു. ഇപ്പോൾ എന്തുകൊണ്ട് ഇല്ല എന്ന് വിശദീകരിക്കുക പ്രയാസകരമാണ്. അതേസമയം നിരവധി സൂപ്പർ താരങ്ങൾ വളർന്നുവരികയാണ്. ഇന്റർനാഷനൽ മത്സരങ്ങളിൽ പഴയകാല പ്രഗദ്ഭരുടെ കീർത്തിക്കൊപ്പം തലയെടുപ്പോടെ നിൽക്കാൻ അവർക്ക് സാധിച്ചേക്കും. അത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. അവരുടെ സ്വപ്‌നസാക്ഷാൽക്കാരത്തിനും വിജയത്തിനും വഴിയൊരുക്കുകയെന്നതാണ് ഞങ്ങളുടെ ജോലി.
ചോ: റഷ്യയിലെ 2018 ലെ ലോകകപ്പ് പുറത്തിരുന്ന് കണ്ടത് എത്രമാത്രം പ്രയാസകരമായിരുന്നു?
ഉ: വല്ലാത്തൊരു ദുരന്തമായിരുന്നു അത്. എന്റെ അമ്പത് വയസ്സ് കാലയളവിൽ ഇറ്റലി ഇല്ലാതെ ലോകകപ്പ് നടന്നിരുന്നില്ല. പക്ഷേ പ്രവചനാതീതമാണ് സ്‌പോർട്‌സിന്റെ കാതൽ. ഞങ്ങൾ അതിന്റെ ഇരകളായെങ്കിലും. അത് ആവർത്തിക്കരുതെന്നാണ് ഉറപ്പു വരുത്തേണ്ടത്. അതിന് കഠിനാധ്വാനം വേണം. നിരവധി മികച്ച ടീമുകൾ ഉയർന്നു വരുന്ന കാലത്താണ് നാം കളിക്കുന്നത്.
ചോ: ഈ യൂറോ കപ്പിൽ ഏതൊക്കെ ടീമുകളാണ് ഇറ്റലിക്ക് വെല്ലുവിളി സമ്മാനിക്കുക?
ഉ: ഒരുപാട് ടീമുകളുണ്ട്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയും നിലവിലെ ചാമ്പ്യന്മാരയ പോർചുഗലിനെയും എടുത്തു പറയണം. രണ്ടു ടീമുകളും ഇറ്റലിയേക്കാൾ ശക്തമാണ്. കഴിഞ്ഞ അഞ്ചു വർഷമായി നന്നായി കളിക്കുന്ന മറ്റു ടീമുകളുമുണ്ട്. ഞങ്ങളെല്ലാം പരിചയ സമ്പന്നരായ കളിക്കാർ ഈ ടീമുകളിലുണ്ട്. ഞങ്ങൾ ഈ പ്രയാണം ആരംഭിച്ചിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ. ആ നിലവാരത്തിൽ എത്തുന്നതേയുള്ളൂ. പക്ഷേ നേരത്തെ പറഞ്ഞതു പോലെ പ്രവചനാതീമയാണ് സ്‌പോർട്‌സിന്റെ കാതൽ.