Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാൻ തിരിച്ചുവന്നു... എറിക്‌സൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന 30 സെക്കന്റുകളെക്കുറിച്ച്

മത്സരത്തിന് മുമ്പ് ഗ്രൗണ്ടിനരികെ നടത്തിയ പ്രഥമ ശുശ്രൂഷാ ട്രെയ്‌നിംഗാണ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലമായത്

ഫുട്‌ബോൾ ലോകം കളിക്കാഴ്ചകളിലേക്ക് നോക്കി നിൽക്കവേ ഒരു കളിക്കാരൻ മരണവുമായി മുഖാമുഖം നിന്ന നിമിഷങ്ങളായിരുന്നു അത്. കാലും പന്തും തമ്മിലായിരുന്നില്ല അവിടെ പോരാട്ടം നടന്നത്. അക്ഷരാർഥത്തിൽ ആ 30 സെക്കന്റുകൾ ജീവന്മരണ പോരാട്ടമായിരുന്നു, തുടിപ്പ് നഷ്ടപ്പെട്ട ഒരു ഹൃദയവും മെഡിക്കൽ സംഘവും തമ്മിൽ. എറിക്‌സൻ ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, ബോധത്തോടെയുണ്ട് എന്നു തിരിച്ചറിഞ്ഞ ആ മുഹൂർത്തം ഡോക്ടർമാർക്ക് ഒരിക്കലും മറക്കാനാവില്ല. അപൂർവമായി മാത്രം സംഭവിക്കുന്നതാണ് അത്. 
ആ മുഹൂർത്തം മനസ്സിൽ പതിഞ്ഞുകിടക്കുമെന്ന് എറിക്‌സന് പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടർ യെൻസ് ക്ലെയ്ൻഫെൽഡ് മാധ്യമങ്ങളോട് പറഞ്ഞു. പതിനാറായിരത്തോളം പേർ യൂറോ കപ്പിന്റെ ആഘോഷത്തിൽ ലയിച്ചുനിന്ന കോപൻഹാഗനിലെ പാർക്കൻ സ്റ്റേഡിയത്തിലാണ് അപ്രതീക്ഷിതമായി ഡെന്മാർക്ക് കളിക്കാരൻ കുഴഞ്ഞുവീണത്. ഉടൻ വൈദ്യസംഘം ഓടിയെത്തി. 


'ഇലക്ട്രിക് ഷോക്ക് കൊണ്ട് ഹൃദയം കഠിനമായി തിരുമ്മി. 30 സെക്കന്റ് കഴിഞ്ഞപ്പോൾ എറിക്‌സൻ കണ്ണു തുറന്നു. അതൊരു വല്ലാത്ത നിമിഷമായിരുന്നു. ദിനേന അത്തരം ഗുരുതര അവസ്ഥകൾ കൈകാര്യം ചെയ്യുന്നവരാണ് ഞങ്ങൾ. ഈ തിരിച്ചുവരവുകൾ അപൂർവമാണ്'  -ഡോക്ടർ പറഞ്ഞു. ഞാൻ എറിക്‌സനെ നോക്കിച്ചോദിച്ചു, സുഹൃത്തേ ഞങ്ങളിലേക്ക് തിരിച്ചുവന്നുവോ?
'അതെ, ഞാൻ തിരിച്ചെത്തി, വെറും 29 വയസ്സേ ആയിട്ടുള്ളൂ എനിക്ക്'  എന്ന് എറിക്‌സൻ മറുപടി പറഞ്ഞപ്പോഴാണ് തിരിച്ചുവന്നുവെന്നു മാത്രമല്ല, മസ്തിഷ്‌കത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നു കൂടി മനസ്സിലായത്. ഇനി അപകടമില്ലെന്ന് എറിക്‌സനോട് പറഞ്ഞു, താരം കൈയുയർത്തി നെഞ്ചിലേക്ക് വെച്ചു. നിർദേശങ്ങൾ അനുസരിച്ച എറിക്‌സൻ പൂർണ ബോധത്തോടെ തന്നെയാണ് ഗ്രൗണ്ടിൽ കിടന്നത്. എന്നാൽ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റാൻ ഏതാനും ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടിയിരുന്നു. അതിനാണ് സമയമെടുത്തത് -ജർമൻകാരനായ ക്ലെയ്ൻഫെൽഡ് പറഞ്ഞു. 15 മിനിറ്റോളം പ്രഥമ ശുശ്രൂഷ നീണ്ടുനിന്നിരുന്നു. 

ഇലക്ട്രിക് ഷോക്ക് ചികിത്സയാണ് എറിക്‌സന് നൽകിയത്. അസുഖബാധിതരായ സാധാരണക്കാരേക്കാൾ ആരോഗ്യവാന്മാരായ പ്രൊഫഷനൽ കളിക്കാരിൽ ഇതിന് വിജയ ശതമാനം കൂടുതലാണ്. എറിക്‌സൻ ആശുപത്രിയിൽ അപകടനില തരണം ചെയ്യുമെന്ന് 99 ശതമാനം ഉറപ്പോടെയാണ് താൻ സ്‌റ്റേഡിയം വിട്ടതെന്ന് ഡോക്ടർ വെളിപ്പെടുത്തി. 
നാൽപത്തിമൂന്നാം മിനിറ്റിൽ ഫിൻലന്റിന്റെ പകുതിയിൽ എറിക്‌സൻ കുഴഞ്ഞുവീഴുമ്പോൾ ക്ലെയ്ൻഫെൽഡ് മറുവശത്തെ ഗാലറിയിൽ കളിയാസ്വദിക്കുകയായിരുന്നു. മത്സരത്തിന് മുമ്പ് ടച്ച്‌ലൈനിൽ മെഡിക്കൽ സംഘത്തോടൊപ്പം എമർജൻസി പ്രഥമ ശുശ്രൂഷയിൽ ട്രെയ്‌നിംഗിന് നേതൃത്വം കൊടുത്തിരുന്നു ജർമൻകാരൻ. ഒരു മണിക്കൂർ പിന്നിടും മുമ്പെ ആ ട്രെയ്‌നിംഗ് പ്രാവർത്തികമാക്കാൻ മെഡിക്കൽ സംഘത്തിന് അവസരം കിട്ടി. ആദ്യം സാധാരണ പരിക്കാണെന്നാണ് തോന്നിയത്. ഡെന്മാർക്കുകാരനായ ഡോക്ടർ നടത്തുന്ന പ്രഥമ ശുശ്രൂഷ കണ്ടപ്പോഴാണ് കാര്യം ഗുരുതരമാണെന്ന് മനസ്സിലായത്. അതോടെ സൈഡ് ലൈനിലെ മെഡിക്കൽ ടീമിനോട് കുതിക്കാൻ നിർദേശം നൽകി. ഞാൻ ഗാലറിയിലുണ്ടെന്ന് അധികൃതരെ അറിയിച്ചു. ആദ്യം കൈ കൊണ്ടും പിന്നീട് ഡീഫൈബ്രിലേറ്ററിന്റെ ഇലക്ട്രോഡുകൾ എറിക്‌സന്റെ ശരീരത്തിൽ ഘടിപ്പിച്ചും ഹൃദയം ശക്തിയായി തിരുമ്മി. അതോടെ ഞാൻ നിയന്ത്രണമേറ്റെടുത്തു. ഇലക്ട്രിക് ഷോക്കുകൾ നൽകി. മത്സരത്തിന് മുമ്പ് മെഡിക്കൽ സംഘത്തിന് നൽകിയ ട്രെയ്‌നിംഗാണ് ഇവിടെ നിർണായകമായതെന്ന് ക്ലെയ്ൻഫെൽഡ് പറഞ്ഞു. ഡെന്മാർക്കുകാരനായ ഡോക്ടർക്ക് ആദ്യം കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അപകടത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായിരുന്നില്ല. തിരുമ്മൽ അതിവേഗം വേണ്ടിയിരുന്നു. കളിക്കളത്തിലെ പരിക്കുകളിൽ സാധാരണ ഹൃദയാഘാതം ഉണ്ടാവാറില്ലല്ലോ? അവർ നാവ് വലിച്ച് പുറത്തെടുക്കാനാണ് ശ്രമിച്ചത്. അങ്ങനെയല്ല ജീവൻ രക്ഷിക്കേണ്ടത്. ആദ്യ രണ്ടു മിനിറ്റിൽ ഡീഫൈബ്രിലേറ്റർ ഷോക്ക് നൽകിയാൽ തിരിച്ചുവരവിനുള്ള സാധ്യത 90 ശതമാനമാണ്. ഓരോ മിനിറ്റ് നഷ്ടപ്പെടുമ്പോഴും സാധ്യത 10 ശതമാനം വീതം കുറയും. രണ്ടു മൂന്നു മിനിറ്റിനകം ഷോക്ക് നൽകാൻ എനിക്കു സാധിച്ചു. 30 സെക്കന്റുകൾക്കകം എറിക്‌സൻ കണ്ണു തുറന്നു -ക്ലെയ്ന്റഫെൽഡ് പറഞ്ഞു. 

Latest News