ലഖ്നൗ- ഉത്തര്‍ പ്രദേശിലെ ബിജെപിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കെട്ടിയിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനും മുന്‍ ഐഎഎസ് ഓഫീസറുമായ എ.കെ ശര്‍മയെ യുപിയില്‍ ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴും പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും മോഡി കൂടെ കൂട്ടിയിരുന്ന ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാളാണ് ശര്‍മ. സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച് ജനുവരിയിലാണ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ബിജെപിയുടെ നിയമസഭാ കൗണ്‍സില്‍ അംഗമായി (എം.എല്‍.സി) ആയി ആഴ്ചകള്‍ക്കു മുമ്പാണ് ശര്‍മയെ നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖംമിനുക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ അഴിച്ചു പണിയുമെന്നും ശര്‍മ മന്ത്രിയാകുമെന്നും ഈയിടെ റിപോര്‍ട്ടുകളുണ്ടായിരുന്നു.
കിഴക്കന്‍ യുപിയിലെ മവു ജില്ലക്കാരനാണ് ശര്‍മ. ദീര്‍ഘകാലം ഗുജറാത്തില്‍ ഐഎഎസ് ഓഫീസറായിരുന്നു. കോവിഡ് മഹാമാരിയെ യുപിയിലെ ബിജെപി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി മോഡിക്കും കടുത്ത അതൃപ്തിയുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ എ.കെ ശര്‍മയെ മോഡിയുടെ മണ്ഡലമായി വാരാണസിയില്‍ കോവിഡ് നിരീക്ഷകനായി അയക്കുകയും ചെയ്തിരുന്നു.
ബിജെപിയും സര്‍ക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയേയും അമിത് ഷായേയും പാര്‍ട്ടി അധ്യക്ഷനേയും കണ്ടിരുന്നു. ആര് എസ് എസ് നേതൃത്വവും യുപിയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും പ്രത്യേക ദൂതന്മാരെ ലഖ്നൗവിലേക്ക് അയച്ചിരുന്നു. ബിജെപി കേന്ദ്ര നേതാക്കള്‍ വീണ്ടും യുപിയിലേക്ക് കുടുതല്‍ ചര്‍ച്ചകള്‍ക്കായി പോകുന്നുണ്ട്.






