പെണ്‍സുഹൃത്തിനോട് സംസാരിച്ച കുട്ടികളെ മദ്യപിച്ചെത്തിയ യുവാക്കള്‍ കെട്ടിയിട്ട് മര്‍ദിച്ചു

കുമളി- വഴിയരികില്‍ പെണ്‍സുഹൃഹൃത്തുമായി സംസാരിച്ച രണ്ടു കുട്ടികളെ മദ്യപിച്ചെത്തിയ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം കെട്ടിയിട്ട് മര്‍ദിച്ചു. ഇവരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും പണവും കവര്‍ന്ന അക്രമികള്‍ ബിയര്‍ കുപ്പി ഉപയോഗിച്ചും കുട്ടികളെ മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് കുമളി റോസാപ്പൂകണ്ടത്താണ് സംഭവം. പെണ്‍സുഹൃത്ത് സംസാരിച്ചു മടങ്ങിയതിനു പിന്നാലെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ രണ്ടു കുട്ടികളെ പിടികൂടി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

കുട്ടികളുടെ ഷര്‍ട്ട് ഊരി കൈകള്‍ ബന്ധിച്ചാണ് മര്‍ദിച്ചത്. വിദ്യാര്‍ത്ഥികള്‍ അവശരായതോടെയാണ് അക്രമികള്‍ ഇവരെ വിട്ടയച്ചത്. വിവരമറിഞ്ഞെത്തിയ വീട്ടുകാര്‍ ഇരുവരേയും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അക്രമികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്നും സംശയമുണ്ട്. ഇവരെ കണ്ടാലറിയാമെന്ന് മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു.
 

Latest News