മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിയുടെ രണ്ടാം സിനിമ വരുന്നു

കൊച്ചി- ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടന്‍. 'ബ്രോ ഡാഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

തന്റെ ചിത്രം ഒരു 'ഹാപ്പി ഫിലിം' ആണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലൂസിഫറിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ബ്രോ ഡാഡി' എന്നും ഒട്ടും താമസിയാതെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

 

Latest News