ന്യൂദൽഹി- സ്കൂളുകൾ എന്നാണ് തുറക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. അധ്യാപകരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിന് ശേഷവും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷം മാത്രമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആ സമയം ഉടൻ വരും. വിദേശരാജ്യങ്ങളിൽ എങ്ങിനെയാണ് സ്കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിന് പിന്നാലെ അടയ്ക്കേണ്ടി വന്നതും നാം പരിഗണിക്കണം. അധ്യാപകർക്കും കുട്ടികൾക്കും ദുരന്തം വരാൻ നാം ആഗ്രഹിക്കുന്നില്ലെന്നും നീതി ആയോഗ് അംഗം വി.കെ പോൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മഹാമാരിക്ക് നമ്മെ മുറിവേൽപ്പിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്കൂളുകൾ തുറക്കാനാവില്ലെന്നും പോൾ പറഞ്ഞു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നും അതിനാൽ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സർവേ പശ്ചാതലത്തിലാണ് പോളിന്റെ പരാമർശം.






