റഫ്ഹ - ബിനാമി ബിസിനസ് കേസ് പ്രതിയായ ബംഗ്ലാദേശുകാരനെ അറാർ ക്രിമിനൽ കോടതി നാലു മാസം തടവിന് ശിക്ഷിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് റഫ്ഹയിൽ സ്വന്തം നിലക്ക് മിനിമാർക്കറ്റ് നടത്തിയ ബംഗ്ലാദേശുകാരൻ ശരീഫ് സിറാജുദ്ദീന് ആണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.
നിയമാനുസൃത ഫീസുകളും സക്കാത്തും നികുതികളും പ്രതിയിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. ബംഗ്ലാദേശുകാരന്റെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും ബംഗ്ലാദേശുകാരന്റെ സ്വന്തം ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ബംഗ്ലാദേശുകാരന് കോടതി ആജീവനാന്ത വിലക്കുമേർപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിയാദിൽ ബിനാമി സ്ഥാപനം നടത്തിയ ഈജിപ്തുകാരനെയും ഇതിനു വേണ്ട ഒത്താശകൾ ചെയ്തു കൊടുത്ത സൗദി പൗരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരന്റെ സഹായത്തോടെ റിയാദിൽ സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയാണ് ഈജിപ്തുകാരൻ കുടുങ്ങിയത്. ഇരുവർക്കും കോടതി 40,000 റിയാൽ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നിയമാനുസൃത ഫീസുകളും സക്കാത്തും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ നാടുകടത്താനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും കോടതി വിധിച്ചു. ഈജിപ്തുകാരന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.