പൗരാവകാശ ലംഘനങ്ങളുടേയും ജനാധിപത്യ വിരുദ്ധതയുടേയും ആ ഇരുണ്ട ദിനങ്ങൾ മടങ്ങിയെത്തുകയാണ്. മഹാമാരിയുടെ ആഘാതത്തിൽനിന്ന് പതുക്കെ മുക്തരാകവേ, ശുഭവാർത്തകളല്ല കാത്തിരിക്കുന്നത്. സമൂഹമാധ്യമ വേട്ടയും പൗരത്വ നിയമവും മുതൽ ലക്ഷദ്വീപ് വരെ തെളിയിക്കുന്നത് ജനതാൽപര്യങ്ങളുടെ ഭാഗമാകാൻ സർക്കാർ തയാറല്ല എന്നത് തന്നെ.
പ്രതിഷേധം, പ്രക്ഷോഭം, എതിർശബ്ദം, പ്രതിപക്ഷ അഭിപ്രായം, ജനവികാരം എന്നിങ്ങനെയുള്ള ജനാധിപത്യ പദാവലികൾക്ക് വില കൽപിക്കാത്ത ഒരു സർക്കാരാണ് കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയുടെ ഭരണം കൈയാളുന്നത് എന്നതിനാൽ തന്നെ, ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും അർഥരഹിതമായി മാറുന്നു. സർക്കാരിനും അതിന്റെ തലപ്പത്തുള്ളവർക്കുമെതിരെയുള്ള ചെറിയ വിമർശനങ്ങളിൽ പോലും അസഹിഷ്ണുതയും രോഷവും കൊള്ളുന്ന ഒരു വിഭാഗം രാജ്യത്ത് വളർന്നുവന്നിട്ടുണ്ട്. ഇതാകട്ടെ, മാധ്യമ രംഗത്തടക്കം സർവ മേഖലയിലും ഒരു തരം ഏകാധിപത്യ അജണ്ടയുടെ പ്രചാരകരായി മാറിയിട്ടുമുണ്ട്.
കൊറോണയുടെ ഭയാശങ്കകളിൽനിന്ന് പതുക്കെ വിമുക്തമാകവേ, രാജ്യം വീണ്ടും കേൾക്കാനാഗ്രഹിക്കാത്ത വാർത്തകളുടെ പിറകെയാണ്. ജനവിഭാഗങ്ങളിൽ ഭീതി പരത്തുന്ന, ഭയപ്പെടുത്തി പുതിയ അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്ന നടപടികൾക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ വീണ്ടും തുടക്കം കുറിച്ചിരിക്കുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുതൽ ലക്ഷദ്വീപിലെ കടൽത്തീരം വരെ അശാന്തിയുടെ ദിനങ്ങൾ വീണ്ടും എത്തിച്ചേർന്നിരിക്കുന്നു. മഹാമാരിയുടെ അശുഭ വാർത്തകളിൽനിന്ന് പൗരാവകാക ലംഘനങ്ങളുടെ ഇരുണ്ട വാർത്തകളിലേക്ക് ഇനി കാതുകൊടുക്കണമന്ന് മാത്രം.
കോടതിയിൽ കേസ് നിലനിൽക്കേ, ചില വിഭാഗങ്ങളിൽനിന്ന് പൗരത്വ അപേക്ഷകൾ ക്ഷണിച്ച കേന്ദ്ര സർക്കാർ, പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും സജീവമാക്കിയിരിക്കുന്നു. സർക്കാരിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയും കോടതി വാദം കേൾക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന സമയത്താണ് പിൻവാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ തയാറാകാതെയും ജനവികാരം മനസ്സിലാക്കാൻ വൈമുഖ്യം കാണിച്ചും തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ആഭ്യന്തര വകുപ്പ്.
കർഷക സമരം ഇപ്പോഴും തുടരുകയാണ്. കോവിഡ് മൂലം പാതിവഴിയിൽ നിലച്ചുപോയ പല സമരങ്ങളും ഉയിർത്തെഴുന്നേൽക്കുന്നു. മഹാമാരി വാസ്തവത്തിൽ സർക്കാരിന് ഒരു അനുഗ്രഹമായി ഭവിക്കുകയായിരുന്നു. പൗരത്വ സമരവും കർഷക സമരവുമെല്ലാം സജീവ ശ്രദ്ധയിൽനിന്ന് അകറ്റാൻ ഇതവരെ സഹായിച്ചു. ദൽഹിയിലെ കൊടുംതണുപ്പിനെ അതിജീവിച്ച സമരമാണ് രാജ്യത്തെ കർഷകരുടേത്. എങ്കിലും മഹാമാരിയുടെ കഷ്ടദിനങ്ങളെ അതിജീവിക്കാൻ അവർക്കായില്ല. രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ കൊറോണയിലേക്ക് തിരിഞ്ഞപ്പോൾ സമരം ദുർബലമായെങ്കിലും അതുപേക്ഷിച്ച് പോകാൻ കർഷകർ തയാറായില്ല. ഇപ്പോൾ വീണ്ടും കർഷകർ സമരം ശക്തമാക്കുകയാണ്. കർഷക സമരം മൂലം കൊറോണ പടർന്നു എന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സാക്ഷി അത് തള്ളിക്കളഞ്ഞു. ദൽഹിയുടേയും ഹരിയാനയുടേയുമൊക്കെ തെരുവുകൾ വീണ്ടും ട്രാക്ടറുകളാൽ നിറയാൻ അധികസമയം വേണ്ടിവരില്ല.
എതിർശബ്ദങ്ങൾക്ക് പ്രകാശനം നൽകാതിരിക്കാനുള്ള എല്ലാ അടവുകളും സർക്കാർ പയറ്റുന്നു. അതിന്റെ ഭാഗമാണ് സാമൂഹിക മാധ്യമങ്ങളെ വരച്ചവരയിൽ നിർത്താനുള്ള നിയന്ത്രണങ്ങൾ. ട്വിറ്ററിന്റെ നിയമ പരിരക്ഷ എടുത്തുകളയുകയും യു.പിയിൽ മുസ്‌ലിം വൃദ്ധനെ മർദിച്ച സംഭവത്തിൽ അവർക്കെതിരെ കേസ് എടുക്കുകയും ചെയ്ത് സർക്കാർ തങ്ങളുടെ മനസ്സിലിരുപ്പ് വെളിപ്പെടുത്തുന്നുണ്ട്. ട്വിറ്ററിനെതിരായ നടപടി നിയമപരമാണോ എന്നു പോലും സർക്കാർ നോക്കുന്നില്ല. ഫെയ്‌സ്ബുക്കും വാട്‌സാപ്പും പോലുള്ള മാധ്യമങ്ങളും ഇത്തരം വെല്ലുവിളികൾ നേരിടുന്നു. സർക്കാരിന്റെ മേൽനോട്ട നിയന്ത്രണം എല്ലാ സാമൂഹിക മാധ്യമങ്ങളിലും ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ സർക്കാർ
ആഗ്രഹിക്കാത്തതൊന്നും സാമൂഹിക മാധ്യമങ്ങളിൽ വരുന്നില്ലെന്നുറപ്പിക്കാൻ കഴിയും. ജനാധിപത്യത്തെ അപ്രസക്തമാക്കുന്ന ഇത്തരം സമീപനങ്ങൾ ബി.ജെ.പി സർക്കാരിൽനിന്ന് വരുന്നതിൽ പുതുമയൊട്ടില്ലതാനും.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ദൽഹി ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ട് ദിവസങ്ങളേയാകുന്നുള്ളൂ. കോടതി പരാമർശത്തിനിടയാക്കിയ കേസിലെ ഇരകളെ ജയിലിൽനിന്ന് വിട്ടയക്കാതിരിക്കാൻ മാർഗമന്വേഷിക്കുകയാണ് ഇപ്പോൾ ദൽഹി പോലീസ്. നിയമമോ ഭരണഘടനയോ ക്രിമിനൽ നടപടിച്ചട്ടമോ ഒന്നുമല്ല ഏതാനും വർഷങ്ങളായി ദൽഹി പോലീസിനെ നയിക്കുന്നത്, മറിച്ച് സർക്കാരിന്റെ ഇംഗിതം മാത്രമാണ്. കോടതി വിട്ടയക്കാൻ ആവശ്യപ്പെട്ടാലും വളഞ്ഞ വഴിയിലൂടെ പിടിച്ചുവെക്കാനാണ് അവർ നോക്കുന്നത്. ജുഡീഷ്യറിയേയും തങ്ങൾ മാനിക്കുന്നില്ല എന്ന പരസ്യ പ്രഖ്യാപനമാണത്. അവകാശ പ്രക്ഷോഭങ്ങളെ തീവ്രവാദമായി മുദ്ര കുത്തുന്ന പതിവു രീതിക്കെതിരെ ശക്തമായ ശബ്ദമാണ് ഹൈക്കോടതിയിൽനിന്ന് ഉയർന്നുകേട്ടത്.
കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും സർക്കാരിനേറ്റ വലിയ പ്രഹരമായിരുന്നു. വാക്‌സിൻ നയം തെറ്റിപ്പോയെന്ന് ഉറക്കെ പറയാൻ കോടതി ധൈര്യം കാട്ടി. വാക്‌സിന് വേണ്ടി നീക്കിവെച്ച 35,000 കോടിയുടെ കണക്കും ചോദിച്ചു. ഇതോടെ സർക്കാരിന് നയം തിരുത്തേണ്ടിവന്നു. വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കാൻ നിർബന്ധിതരായി. എന്നാൽ കോടതി ഇടപെടലിനെ തള്ളിക്കളയാനും കോടതിയുടെ നിർദേശപ്രകാരമല്ല ചെയ്യുന്നതെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. ജനതാൽപര്യങ്ങളെ എത്രമാത്രം അശ്രദ്ധയോടെയാണ് സർക്കാർ ഉൾക്കൊള്ളുന്നതെന്നതിന്റെ സൂചനയായിരുന്നു അത്.
മഹാമാരിയുടെ ആഘാതത്തിൽ നട്ടെല്ലൊടിഞ്ഞ സമ്പദ്‌വ്യവസ്ഥയുമായി നിൽക്കുമ്പോഴും ദിനേനയെന്നോണം ഇന്ധനവില കൂട്ടി സാധാരണക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ. അതിനായി കെട്ട ന്യായങ്ങൾ എടുത്തുദ്ധരിക്കാനും സർക്കാർ വക്താക്കൾക്ക് മടിയില്ല. സൗജന്യ വാക്‌സിൻ എന്ന് പ്രഖ്യാപിച്ചിട്ട് അതിനായി പെട്രോളിലൂടെയും ഡീസലിലൂടെയും പണം കൊള്ളയടിക്കുന്ന പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത് എന്ന് പറയാതെ പറയുകയാണ് ഇന്ധന മന്ത്രി. സർക്കാരിന്റെ വികസനക്ഷേമ പരിപാടികൾക്കായാണ് ഇന്ധന വില കൂട്ടുന്നത് എന്നാണ് ന്യായം. അല്ലാതെ എണ്ണയുടെ അന്താരാഷ്ട്ര വിലയോ, എണ്ണക്ഷാമമോ ഒന്നുമല്ലെന്നും ഇതിലൂടെ വ്യക്തമാകുന്നു.
ഹാഥ്‌റസിൽ റിപ്പോർട്ടിംഗിനു പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരേ ഉത്തർപ്രദേശ് പോലീസ് ആദ്യം ചുമത്തിയ കുറ്റങ്ങളിൽ ഒരെണ്ണം മഥുര കോടതി ഒഴിവാക്കിയത് സർക്കാരിന്റെ കണ്ണു തുറപ്പിച്ചില്ലെങ്കിലും പൊതുസമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്നതായി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് പോലീസ് ആദ്യം ചുമത്തിയത്. ആറ് മാസത്തിലേറെയായി അന്വേഷണം നടത്തിയ പോലീസിനു ഇതു സംബന്ധിച്ച ഒരു തെളിവും ഹാജരാക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. രാജ്യത്ത് നടക്കുന്ന മാധ്യമ, പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റുകൾക്ക് പിന്നിലെ അന്യായമാണ് ഇതിലൂടെ മറനീക്കുന്നത്. എതിർശബ്ദങ്ങളെ മാവോയിസ്റ്റെന്നും ഭീകര പ്രവർത്തനമെന്നുമൊക്കെ മുദ്ര കുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.പി കോടതി തുറന്നുകാട്ടുന്നത്. ഒരാളെ അറസ്റ്റ് ചെയ്യാൻ കാരണമായ ആദ്യത്തെ കുറ്റം തന്നെ കെട്ടിച്ചമച്ചതാണെന്ന് കോടതി പറയുമ്പോൾ സർക്കാരിന്റെ മുഖമാണ് നഷ്ടപ്പെടുന്നത്.
ലക്ഷദ്വീപിൽ ഭരണകൂട വിളയാട്ടം തുടരുകയാണ്. പ്രതികാരദാഹിയെപ്പോലെ പാവപ്പെട്ട ദ്വീപുകാർക്കെതിരെ അലറിയടുക്കുകയാണ് അഡ്മിനിസ്‌ട്രേറ്റർ. അവരുടെ ഭൂമിയിൽ സർക്കാർ കൊടി നാട്ടി വഴിയാധാരമാക്കാൻ തുടങ്ങിയിരിക്കുന്നു. സി.എ.എ സമരത്തെ അനുകൂലിച്ചവരെ രാജ്യദ്രോഹക്കേസിൽ കുടുക്കുന്നു. അനീതിക്കെതിരെ ശക്തമായ ശബ്ദമായി മാറിയ ആയിഷ സുൽത്താനക്കും അവർ കൽത്തുറുങ്കൊരുക്കിക്കഴിഞ്ഞു. ഭരണകൂട ഭീകരതയുടെ അവസാനത്തെ ഉദാഹരണമാവില്ല ലക്ഷദ്വീപ് എന്ന് വ്യക്തമാണ്. അവിടെ കേന്ദ്ര സർക്കാരിന് വ്യക്തമായൊരു അജണ്ടയുണ്ട്. അത് നടപ്പാക്കാനുള്ള ആയുധമാണ് പ്രഫുൽ പട്ടേൽ എന്ന ഗുജറാത്തി കോൺട്രാക്ടർ. സവിശേഷമായൊരു സംസ്‌കാരവും ജീവിത രീതിയുമുള്ള ഗോത്രജനതയാണ് ലക്ഷദ്വീപുകാർ. അവരുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുകയെന്ന നിശ്ശബ്ദ കർമത്തിനാണ് ലക്ഷദ്വീപിൽ അരങ്ങൊരുങ്ങിയത്. എന്നാൽ ഇന്ത്യയുടെ മനസ്സാക്ഷി അതിനെതിരാണെന്ന് വ്യക്തമായി. എങ്കിലും പിന്തിരിയാനുള്ള ഭാവമില്ല സർക്കാരിന്.
വീണ്ടും ഭീതിയുടെ റിപ്പബ്ലിക് ആകുകയാണ് ഇന്ത്യ. കൊറോണ മഹാമാരിയെന്ന കൊടുങ്കാറ്റിനെ അതിജീവിച്ചെത്തുന്നവർ കാത്തിരിക്കുന്നത് അതിനേക്കാൾ വലിയ നിഷ്‌കാസനങ്ങളെയാണ്, ഉന്മൂലനങ്ങളെയാണ്. ഭരണകൂട ഭീകരതയെന്ന മാരകായുധത്തെയാണ്. രാജ്യം വീണ്ടും വലിയ അസ്വസ്ഥതകളുടെ കനലുകളിലേക്ക് എടുത്തെറിയപ്പെടുന്നു. നിശ്ശബ്ദരായിരിക്കാൻ നമുക്കാവുമോ?