Sorry, you need to enable JavaScript to visit this website.

മൺസൂൺ കാലത്ത് രണ്ടു പച്ചിലക്കറികൾ പരിചയപ്പെടുത്തുന്നു-ചുരുളിയും  അഗത്തി ചീരയും

മഴക്കാലത്തും അല്ലാത്തപ്പോഴും നമ്മുടെ തൊടിയിലും വരമ്പത്തും ആറ്റിറമ്പത്തും ധാരാളമായി കാണുന്ന ഇളം പച്ചനിറമുള്ള  ഡിസൈനർ ഇലകളോട് കൂടിയ ഒരു ചെറു സസ്യമാണ് ചുരുളി. ഫേൺ വിഭാഗത്തിൽ പെടുന്ന ഈ സസ്യം  എത്രമാത്രം ഔഷധ ഗുണമുള്ളതാണെന്നും ഭക്ഷ്യയോഗ്യമാണെന്നും വളരെ ചുരുക്കം പേർക്കേ അറിയൂ. ഇതിന്റെ ഇലകളിൽ പ്രോട്ടീൻ, അന്നജം, കാൽസ്യം, പൊട്ടാസിയം, ഇരുമ്പു, മഗ്‌നീഷ്യം വിറ്റാമിൻ എ, സി, ബി കോംപ്ലക്‌സ് ഇവ അടങ്ങിയിരിക്കുന്നു. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയ ചുരുളി ഒമേഗ ത്രീ  ഫാറ്റി ആസിഡിന്റെ ഒരു നല്ല സ്രോതസ്സ് ആണ്. ചുരുളി കൊണ്ട് നല്ല  ഒന്നാന്തരം ഉപ്പേരി അല്ലെങ്കിൽ തോരൻ തയാറാക്കാം. ചുരുളിയുടെ ഇളം തളിരിലകൾ പറിച്ചെടുത്തു നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. സ്വൽപം ചെറിയുള്ളി, ഒരു കഷ്ണം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ തേങ്ങാ പീരയോടൊപ്പം ചതച്ചെടുത്തു ചുരുളി ഇലകളോടൊപ്പം ആവിയിൽ വേവിക്കുക.  ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞൾ പൊടിയും ചേർക്കാൻ മറക്കണ്ട. വെന്തു വരുമ്പോൾ പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞു ഇതോടൊപ്പം ചേർത്തിളക്കുക. സ്വാദിഷ്ടമായ  ചുരുളി മുട്ട തോരൻ റെഡി.


  അഗത്തി ചീര- കേരളത്തിൽ സുലഭമായി കാണുന്ന ഒരു സസ്യമാണ് അഗത്തി ചീര. ഇതിനെ ചീര എന്ന് വിളിക്കാറുണ്ടെങ്കിലും ഈ സസ്യം ചീര കുടുംബത്തിലെ ഒരംഗമല്ല. പയർ വർഗത്തിൽ പെടുന്ന സസ്യമാണിത്.  ആറു മുതൽ എട്ടു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ   പൂവുകൾ ആണ് സാധാരണയായി കറിവെക്കുവാൻ ഉപയോഗിക്കുന്നത്. ധാരാളം ഔഷധ ഗുണമുള്ള ഒന്നാണ് ഈ ചീര. വിറ്റാമിൻ എ, ബി, ഇരുമ്പ്, കാൽസ്യം തുടങ്ങി ധാരാളം ധാതു ലവണങ്ങൾ ഇതിലുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് ഇത്. വായ്പുണ്ണ്, ഉദരസംബന്ധമായ രോഗങ്ങൾ ഇവക്കു ഈ പൂവ് നല്ലൊരു ഔഷധമായി ഉപയോഗപ്പെടുത്താം. അഗത്തി ചീര പൂക്കൾ അരിവാള് പോലെ വളഞ്ഞ രൂപത്തിൽ വെള്ള നിറത്തിലും കടും പിങ്ക് നിറത്തിലും ആണ് കാണപ്പെടുന്നത്. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്. എല്ലുകൾക്കും പല്ലുകൾക്കും ബലം കിട്ടുന്നതിന് അഗത്തി ചീര നിത്യവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇനി ഇത് ഉപ്പേരി വെയ്ക്കുന്ന വിധം- അഗത്തി ചീര പൂവുകളും ഇലകളും നന്നായി കഴുകി അരിഞ്ഞെടുക്കുക. ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും താളിക്കുക. കുറച്ചു ചുവന്നുള്ളി, സ്വൽപം മഞ്ഞൾ പൊടി ഇവയും ചേർത്ത് വഴറ്റി മുറിച്ചുവെച്ചിരിക്കുന്ന  അഗത്തി ചീര പൂവുകളും ഇലകളും ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ചു മുതൽ എട്ടു മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. തേങ്ങയൊന്നും ചേർക്കേണ്ട ആവശ്യമില്ല. നമ്മുടെ പുഴകൾക്കരികിലും തോടുകൾക്കരികിലും ഇതുപോലുള്ള സസ്യങ്ങൾ നട്ടുവളർത്താൻ ശ്രമിക്കുക.   
    

Latest News