Sorry, you need to enable JavaScript to visit this website.

തപാൽ പ്രണയങ്ങളുടെ തണൽക്കാലം

സോഷ്യൽ മീഡിയയും ഇൻസ്റ്റന്റ് മെസ്സേജിംഗും   കടൽ കടന്നിങ്ങെത്തുന്നതിനു മുമ്പ്  നമ്മൾ  അധികപേരും അനുഭവിച്ച സുഖദമായ കാത്തിരിപ്പുകളുടെ ഒരു  കാലമുണ്ടായിരുന്നു. നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും നമ്മെ തേടിയെത്തുന്ന ഹൃദയഹാരിയായ കത്തുകളുടെ കാലം. വിദേശത്ത് നിന്നും എത്തുന്ന ബന്ധുക്കളുടെ അത്തർ മണമുള്ള കത്ത്. ബഹു വർണങ്ങളിൽ,  അകത്ത് നിറയെ വിരഹവും വേദനയും പേറിയ അവ വായിച്ച് കണ്ണ് നിറഞ്ഞത്, ഉള്ള് പൂത്തുലഞ്ഞത്   ഇൻലന്റിലും പോസ്റ്റ് കാർഡിലും സ്‌നേഹം പറഞ്ഞതും വാൽസല്യം   ചൊരിഞ്ഞതും എല്ലാം ഓർമയിൽ തെളിയുകയാണ്.
അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം  പഴയ ഫയലുകൾ പൊടിമുട്ടി പുനഃക്രമീകരിക്കുന്ന ശീലമുണ്ട്. അപ്പോഴെല്ലാം  എന്നെ തേടിയെത്തിയ ഒരുപാട് കത്തുകളിലൂടെ വീണ്ടും കണ്ണോടിച്ചു നോക്കുന്ന പതിവ് ഇത്തവണയും തുടർന്നു.
ചില കത്തുകൾ വായിച്ചപ്പോൾ  നാം അത്രമാത്രം ആനന്ദഭരിതവും ആശങ്കാപങ്കിലവുമായ ഘട്ടങ്ങളിലൂടെയെല്ലാം കടന്നു പോയിരുന്നല്ലോ എന്ന്  തിരിഞ്ഞുനോക്കി  നിശ്വാസമിടാനേ കഴിയൂ. രാപ്പകലുകളിൽ കവിതകൾ ചാലിച്ച എത്രയെത്ര ഹൃദ്യമായ ആത്മബന്ധങ്ങളായിരുന്നു അവയെല്ലാം!
ആ കൈപ്പടകളിൽ നിറയെ ഹൃദയമന്ത്രണങ്ങളുടെ നിമ്‌നോന്നതികൾ തെളിഞ്ഞു കാണുമായിരുന്നു. ചില കത്തുകൾ വിശ്വപ്രസിദ്ധ കവിതകളെപ്പോലും പിന്നിലാക്കുന്നവയാണെന്ന് തോന്നിയിട്ടുണ്ട്.
പേനയിൽ മഷി തീർന്നതിനാൽ പേന മാറ്റി എഴുതിയ  സുദീർഘമായ എഴുത്തുകളുമുണ്ടവയിൽ. എഴുതീട്ടും എഴുതീട്ടും തീരാത്ത സ്‌നേഹ കാരുണ്യങ്ങൾ. പുന്നാരങ്ങൾ. കിന്നാരങ്ങൾ, സാഹസികതകൾ, യാത്രാനുഭവങ്ങൾ! ഹൃദയ വായ്പുകൾ. എഴുത്തിനിടയിൽ ഉതിർന്നു വീണ കണ്ണുനീർത്തുള്ളികൾ കൊണ്ട്  മാഞ്ഞുപോയ  അക്ഷരങ്ങൾ, വാക്കുകൾ!
പുതിയ ഡിജിറ്റൽ തലയുറയ്ക്ക്  അത്ര എളുപ്പത്തിലൊന്നും ഉൾക്കൊള്ളാനും  വിശ്വസിക്കാനും  കഴിയാത്തത്ര  മനോഹരവും ജീവൻ തുടിക്കുന്നതുമായിരുന്നല്ലോ ആ കുറിമാനങ്ങൾ.  ആത്മ സ്പർശിയായ സ്‌നേഹ സൗഹൃദങ്ങളുടെ, പ്രണയഭാവങ്ങളുടെ   വൈവിധ്യമാർന്ന  സന്ദേശങ്ങളുടേയും ആത്മാവിഷ്‌കാരങ്ങളുടേയും ആർദ്രമായ  ലേഖനങ്ങളുടേയും
ആ കത്തെഴുത്ത്  കാലം ഇനി തിരികെ വരില്ലല്ലോ? ആ കത്തുകളിലൂടെ ഇത്തവണ  വീണ്ടും കടന്നു പോയപ്പോൾ കത്ത് കുറിച്ച ചിലരെയൊക്കെ  വിളിച്ചു.  വർഷങ്ങൾക്കു മുമ്പത്തെ അവരുടെ കൈപ്പടകൾ ചിത്രമാക്കി അയച്ചു കൊടുത്തു. ചിലരെഴുതിയ  കത്തുകൾ അവരെ വായിച്ചു കേൾപ്പിച്ചു. സൗഹൃദം പുതുക്കി ഏറെ സന്തോഷിച്ചു.   പലരുമിപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. എന്നാൽ ചിലരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഴയ മേൽവിലാസത്തിൽ നിന്നും അവർ മാറിപ്പോയിട്ടുണ്ടാവണം. നാഷനൽ സർവീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പുകൾ, കേന്ദ്ര യുവജനക്ഷേമ മന്ത്രാലയത്തിന് കീഴിൽ നൈനിറ്റാളിലെ അരബിന്ദോ ആശ്രമത്തിൽ നടന്ന നേതൃപരിശീലന ക്യാമ്പ്, ദൽഹിയിലെ സി സി ഇ ആർ ടിയിൽ നടന്ന വിദ്യാഭ്യാസ ശിൽപശാലകൾ, എൻ സി ഇ ആർ.ടി സംഘടിപ്പിച്ച പരിശീലന  ക്യാമ്പുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച സൗഹൃദങ്ങളിൽ ചിലരുമായി വിനിമയം നടത്താൻ ഈ സോഷ്യൽ മീഡിയ കാലത്തും കഴിയാത്തതിൽ ഖേദിക്കുകയാണ്.
ഏറെ പ്രിയപ്പെട്ട ഏതാനും ചിലർ ഇതിനകം ഈ  ഭൂതലം വിട്ട് 'വാനവർക്കാരോമലായ് പാരിനെ കുറിച്ചു ദാസീനരായ്' പരലോകം പൂകിയതും വേദനയോടെ ഓർക്കുകയാണ്. 
കൂട്ടത്തിൽ,   ഒരു പ്രിയ സുഹൃത്തിന്  പലവുരു കത്തയിച്ചിട്ടും മറുപടിയൊന്നും കാണാറില്ലായിരുന്നു.  തിരക്കിലായിരിക്കുമെന്ന് കരുതി, അല്ലെങ്കിൽ സ്ഥലം മാറിപ്പോയിട്ടുണ്ടാവണമെന്നും.
എസ് സി ആർ ടി നടത്തിയ ഒരു അധ്യാപക പരിശീലന വേളയിലാണ് സർഗ സമ്പന്നയായ  അവരെ പരിചയപ്പെടുന്നത്.  അപ്പുറത്ത് നിന്ന് ദീർഘനാളുകളായി മറുപടി ഒന്നും കേൾക്കുന്നില്ലല്ലോ.
ഒരു പ്രതികരണവും ഇല്ലല്ലോ, എന്ത് പറ്റി എന്ന വേവലാതിയുണ്ടായിരുന്നു.  ഒരിക്കൽ സംഭാഷണമധ്യേ  മറ്റൊരു സുഹൃത്ത്  അവരെ കുറിച്ച് പറഞ്ഞപ്പോൾ കൗതുകത്തോടെ അവരിപ്പേഴെവിടെയാണെന്നാരാഞ്ഞു.  ഓർമയുടെ അടരുകൾ ക്രമം തെറ്റിപ്പോവുന്ന  അൾഷിമേഴ്‌സ്
രോഗം  ബാധിച്ചു അവരിപ്പോൾ അവശയാണെന്നും  തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നു പോലും വിടുതലായി ദയനീയമായ ജീവിതാവസ്ഥയിലാണെന്നും   ഏറെ വ്യസനത്തോടെയും നടുക്കത്തോടെയും  അറിയാൻ കഴിഞ്ഞു.
സ്വന്തം മാതാവ് മരണപ്പെട്ടത്  സ്മൃതി ഭ്രംശം എന്ന അസുഖം ബാധിച്ചതോടെയാണെന്ന് ആ പ്രിയ സുഹൃത്ത്  പലപ്പോഴും പറയാറുണ്ടായിരുന്നു. പ്രസ്തുത രോഗം തന്നെയും കീഴടക്കുമെന്ന് അവർ  ആശങ്കപ്പെടാറുള്ളതും  ഓർത്തുപോയി. ഒടുവിൽ, കുറഞ്ഞ പ്രായത്തിൽ തന്നെ അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു!
പതിനഞ്ചു വർഷങ്ങൾക്കു ശേഷവും അവരെഴുതിയ സ്‌നേഹനിർഭരമായ വാക്കുകൾ നോക്കി ഞാനിപ്പോൾ അത്ഭുതപ്പെടുകയാണ്. അവർ കുറിച്ചിട്ട  അതീവ മനോഹരങ്ങളായ എഴുത്തുകളും ആ  സൗഹൃദ കാലവും ഈ സുഹൃത്തിനെയുമെല്ലാം അവർ ഇപ്പോൾ  ഓർക്കുന്നുണ്ടാവുമോ? അതല്ലെങ്കിൽ ഇങ്ങനെയൊരു സുഹൃത്തിന്റെ  സ്വരം കേട്ടാൽ, നര വീണ് തുടങ്ങിയ  മുഖം കണ്ടാൽ അവർക്ക് തിരിച്ചറിയാനാവുമോ  ആവോ?

Latest News